കോൺഗ്രസിന് തിരിച്ചടി; നാഷണൽ ഹെറാൾഡ് കെട്ടിടം ഒഴിയണമെന്ന് ഹൈക്കോടതി
വ്യാഴം, 28 ഫെബ്രുവരി 2019 (15:47 IST)
നാഷണൽ ഹെറാൾഡ് ദിനപത്രത്തിന്റെ കെട്ടിടം ഒഴിയാനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ കേൺഗ്രസ്സിനു തിരിച്ചടി. കെട്ടിടം ഒഴിയാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.
പത്രത്തിന്റെ കെട്ടിടം ഒഴിയാനുള്ള ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് സമർപ്പിച്ച ഹർജിയും കോടതി തളളി. ഒഴിഞ്ഞുകൊടുക്കുന്നതിനുളള തിയതി കോടതി അറിയിച്ചിട്ടില്ല.
കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ നഗര വികസന മന്ത്രാലയം നോട്ടീസ് നൽകിയിരുന്നു. 56 വർഷത്തെ പാട്ടക്കാലാവധി അവസാനിച്ചതിനു പിന്നാലെയായിരുന്നു ഇത്. എന്നാൽ ഇതിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും താൽക്കാലിക സ്റ്റേ നേടുകയുമായിരുന്നു.
എന്നാൽ ഇപ്പോൾ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകുകയായിരുന്നു. അസോസിയേറ്റ് ജേർണലിന്റെ ഉടമസ്ഥതയിലുളള നാഷണൽ ഹെറാൾഡ് ദിനപ്പത്രത്തിന്റെ ഓഹരികൾ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും അംഗങ്ങളായ യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയിരുന്നു.