അധിക സീറ്റ് വിവാദം; ജോസഫിന്റെ ആവശ്യം മാണിക്ക് തിരിച്ചടി നല്‍കും ? - കൈയൊഴിഞ്ഞ് കോണ്‍ഗ്രസ്

ബുധന്‍, 27 ഫെബ്രുവരി 2019 (14:26 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ അധിക സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് പിന്മാറിയേക്കും. കൂടുതല്‍ സീറ്റ് അനുവദിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതും വിലപേശല്‍ നേതൃത്വം അംഗീകരിക്കാത്തതുമാണ് കേരള കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നത്.

കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യം യുഡിഎഫിന്‍റെ സീറ്റ് വിഭജന ചര്‍ച്ചയില്‍ കെ എം മാണി ഉന്നയിച്ചിരുന്നു. എന്നാല്‍ രണ്ട് സീറ്റ് പ്രായോഗികമല്ലെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്റേത്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന നിലപാട് കേരള കോണ്‍ഗ്രസ് ആവര്‍ത്തിച്ചെങ്കിലും ഈ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കില്ല.

ജനമഹായാത്ര കഴിഞ്ഞ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ കേരളാ കോണ്‍ഗ്രസ് ചര്‍ച്ച നടത്തും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പി ജെ ജോസഫ് പരസ്യമായി പറഞ്ഞത് മാണിയെ അലോസരപ്പെടുത്തുന്നുണ്ട്.

പാര്‍ട്ടിയിലെ പടലപ്പിണക്കം അകറ്റാന്‍ ജോസഫ് മത്സരിക്കട്ടെ എന്നു കോണ്‍ഗ്രസ് നിര്‍ദേശിച്ചാല്‍ മാണി വിഭാഗം എതിര്‍പ്പറയിക്കും. പ്രശ്‌നങ്ങള്‍ വീണ്ടും ഗുരുതരമാകും. ഈ സാഹചര്യത്തില്‍ സീറ്റ് ചര്‍ച്ചയില്‍ ഇടപെടേണ്ടെന്നും വിഷയം കേരളാ കോണ്‍ഗ്രസ് ചര്‍ച്ചയിലൂടെ പരിഹരിക്കട്ടെ എന്നുമായിരിക്കും കോണ്‍ഗ്രസ് നയം.

ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. എന്നാല്‍ തര്‍ക്കം രമ്യതയില്‍ പരിഹരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാകും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍