‘മമ്മൂട്ടി നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്നയാള്’; കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്‌ബുക്കില്‍ ആരാധകരുടെ പൊങ്കാല
വ്യാഴം, 28 ഫെബ്രുവരി 2019 (07:52 IST)
നടന്‍ മമ്മൂട്ടിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്. മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി കെ പി നൗഷാദ് അലിയാണ് താരത്തെ അധിക്ഷേപിച്ചത്.
അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് മമ്മൂട്ടി രഹസ്യമായി 5 ലക്ഷം രൂപ നല്‍കിയെന്നും, നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന വ്യക്തിയാണ് താരമെന്നും നൗഷാദിന്റെ പോസ്റ്റില്‍ വിമര്‍ശിക്കുന്നു.
പോസ്‌റ്റ് വൈറലായതോടെ മമ്മൂട്ടി ആരാധകര്‍ കോണ്‍ഗ്രസ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ കമന്റുമായെത്തി. ഫാന്‍സിന്റെ ചീത്തവിളി രൂക്ഷമായതോടെ പൊലീസില്‍ പരാതി നല്‍കിയെന്ന് നൗഷാദ് വെളിപ്പെടുത്തി.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പേരില്‍ ആരാധകര്‍ എന്നവകാശപ്പെടുന്ന ഒരു പറ്റം സാമൂഹിക വിരുദ്ധര്‍ മോശമായ ഭാഷയില്‍ തന്റെ ഭാര്യയും കുട്ടികളുമടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയാണെന്ന് നൗഷാദ് വ്യക്തമാക്കി.
നൗഷാദിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:
അഭിമന്യുവിന്റെ കുടുംബ നിധിയിലേക്ക് രഹസ്യമായി 5 ലക്ഷം സംഭാവന നല്‍കി പി.രാജീവിനോട് പരസ്യമാക്കാന്‍ പറഞ്ഞവന്‍ മമ്മൂട്ടി. ഗുജറാത്തില്‍ ഡിഫിയില്ലാത്തത് കൊണ്ട് കലാപമുണ്ടായെന്ന് ഉരിയാടിയവന്‍ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടില്‍ അറിയിക്കാതെ എത്തിയെന്ന് അറിയിക്കാന്‍ മാദ്ധ്യമങ്ങളെ ചട്ടം കെട്ടിയവന്‍ മമ്മൂട്ടി.
ഷുഹൈബും പെരിയയും ടി പി യുമൊന്നും അറിയില്ലേലും ലാലിനെപ്പോലെ സംഘിപട്ടവും, വിദ്വേഷ നിര്‍മ്മിതിയുമൊന്നും ഏശാത്ത സുരക്ഷിത സ്ഥാനീയന്‍ സഖാവ് മമ്മൂട്ടി. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന താങ്കള്‍ രമേശ് ജിയുടെ കല്യാണത്തിന് തിരക്കിനിന്നാല്‍ ബാലന്‍സ്ഡ് ആവുമെന്ന് കരുതിയാല്‍ നീ പോ മോനേ ദിനേശാ ... നീ വെറും കുട്ടിയാണ് എന്നേ പറയാനുള്ളൂ.