മലയാള സിനിമയെന്നാൽ രതിചിത്രങ്ങൾ എന്നായിരുന്നു ഒരുകാലത്ത് തമിഴ്, തെലുങ്ക് ദേശത്തൊക്കെ കരുതിയിരുന്നത്. ഭരതന്റെയും പത്മരാജന്റേതുമടക്കം നമ്മൾ വാഴ്ത്തിയ ക്ലാസിക് സിനിമകളിലെ രതി രംഗങ്ങൾ മാത്രം കട്ടു ചെയ്ത് എടുത്ത് പ്രദർശിപ്പിക്കുമായിരുന്നു അന്യനാട്ടുകാർ. ആ ധാരണയിൽ നിന്നും ‘ഇതല്ല മലയാള സിനിമയെന്ന്’ തിരുത്തിയത് മമ്മൂട്ടിയാണ്.
ന്യൂഡൽഹിയെന്ന ചിത്രം മലയാളികൾക്ക് മുഴുവൻ അഭിമാനമായിട്ടായിരുന്നു റിലീസ് ആയത്. തമിഴ്നാട്ടിലെ സഫയര്‍ തിയേറ്ററില്‍ ന്യൂഡല്‍ഹി 100 ദിവസത്തിലേറെയാണ് കളിച്ചത്. അക്കാലത്ത് തമിഴ്നാട്ടിലെത്തുന്ന മലയാള താരങ്ങളെ ഏറെ ബഹുമാനത്തോടെയായിരുന്നു മറ്റുള്ളവർ കണ്ടിരുന്നത്. വർഷങ്ങൾക്ക് മുൻപ് നടൻ ദേവനും ഇക്കാര്യം പറഞ്ഞിരുന്നു.
‘അന്യ ഭാഷാക്കാർ മലയാള സിനിമയെ അറിയുന്നത് മമ്മൂട്ടിയിലൂടെയാണ്. അന്യഭാഷയിൽ അഭിനയിക്കുവാൻ ചെന്നപ്പോൾ എനിക്ക് ഏറ്റവും കൂടുതൽ ആദരവ് ലഭിച്ചത് മമ്മൂട്ടിയുടെ പേരിലാണ്. അവിടെയുള്ള സംവിധായകരും നടീനടന്മാരും മമ്മൂട്ടി എന്ന മഹാനടനേയും അദ്ദേഹം അവതരിപ്പിച്ച അനശ്വര കഥാപാത്രങ്ങളേയും വാനോളം പുകഴ്ത്തുമ്പോൾ മമ്മൂട്ടിയുടെ നാട്ടിൽ നിന്നെത്തിയ നടൻ എന്ന നിലയിൽ ഞാനും ആദരിക്കപ്പെടുകയായിരുന്നു.’ - ദേവൻ പറഞ്ഞത് ഈ കാലത്തും പ്രാധാന്യമർഹിക്കുന്ന കാര്യം തന്നെയാണ്.