രാജ്യത്തിനായി എന്തും ചെയ്യാൻ തയ്യാറായ ക്യാപ്ടൻ ഈശ്വറും സുബേദാറും! - ദേശസ്നേഹം തുളുമ്പുന്ന മമ്മൂട്ടി ചിത്രങ്ങൾ
വ്യാഴം, 28 ഫെബ്രുവരി 2019 (18:41 IST)
ഇന്ത്യ ഉറങ്ങാതെ കാത്തിരിക്കുകയാണ്. അഭിനന്ദന്‍ എന്ന ഇന്ത്യന്‍ പൈലറ്റ് പാകിസ്ഥാനില്‍ നിന്ന് മോചനം നേടിയെത്തുന്നതും കാത്ത്. ഓരോ ഇന്ത്യക്കാരന്‍റെയുള്ളിലും ദേശീയത തുളുമ്പി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി അഭിനയിച്ച, സൈനിക പശ്ചാത്തലത്തിലുള്ള ചില ചിത്രങ്ങളെപ്പറ്റി ഓര്‍ക്കാം.
1989ലാണ് മമ്മൂട്ടി നായകനായി അഭിനയിച്ച നായര്‍സാബ് റിലീസ് ആകുന്നത്. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ഈ സിനിമ മിലിട്ടറി പശ്ചാത്തലമാക്കി മലയാളത്തില്‍ ഇറങ്ങിയ ലക്ഷണമൊത്ത സിനിമയാണ്. കശ്മീരിലെ ഒരു ആര്‍മി ട്രെയിനിംഗ് സെന്‍ററിന്‍റെ പശ്ചാത്തലത്തിലായിരുന്നു നായര്‍സാബിന്‍റെ കഥ പറഞ്ഞത്. വളരെ കര്‍ക്കശക്കാരനായ ആര്‍മി ട്രെയിനര്‍ മേജര്‍ രവീന്ദ്രന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 89ലെ ഓണക്കാലത്തെത്തിയ ചിത്രം മെഗാഹിറ്റായി മാറി.
ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്ടന്‍ ഈശ്വര്‍ ആയി മമ്മൂട്ടി തിളങ്ങിയ ചിത്രമാണ് സൈന്യം. ജോഷി തന്നെ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ എഴുതിയത് എസ് എന്‍ സ്വാമി ആയിരുന്നു. 1994ലെ ഓണക്കാലത്തായിരുന്നു സൈന്യം പ്രദര്‍ശനത്തിനെത്തിയത്. ചിത്രം ഹിറ്റ് ആയിരുന്നു.
ലാല്‍ജോസ് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം പട്ടാളം 2003ലെ ഓണക്കാലത്താണ് റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര് മേജര്‍ പട്ടാഭിരാമന്‍ എന്നായിരുന്നു. പ്രതീക്ഷിച്ച രീതിയില്‍ ചിത്രം വിജയം നേടിയില്ല. എങ്കിലും മികച്ച ഗാനങ്ങളും നര്‍മ്മ മുഹൂര്‍ത്തങ്ങളുമുള്ള സിനിമ ശ്രദ്ധിക്കപ്പെട്ടു. റെജി നായര്‍ ആയിരുന്നു തിരക്കഥ,
പ്രിയദര്‍ശന്‍റെ മേഘമാണ് മമ്മൂട്ടിയുടെ മറ്റൊരു പട്ടാള സിനിമ. 1999ലെ വിഷുക്കാലത്താണ് മേഘം റിലീസ് ചെയ്തത്. വലിയ വിജയമാകാന്‍ ചിത്രത്തിന് കഴിഞ്ഞില്ല. കേണല്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.
വിനയന്‍ സംവിധാനം ചെയ്ത ദാദാസാഹിബ് മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ച സിനിമയാണ്. ദാദാസാഹിബ് എന്ന കഥാപാത്രം സ്വാതന്ത്ര്യസമര സേനാനിയാണെങ്കില്‍ അബൂബക്കര്‍ എന്ന കഥാപാത്രം ആര്‍മിയില്‍ സുബേദാര്‍ ആണ്. ദേശസ്നേഹം വിഷയമാക്കിയ സിനിമ ബോക്സോഫീസ് വിജയം നേടി.
അതോടൊപ്പം, മമ്മൂട്ടി അഭിനയിച്ച കൂടെവിടെയിലെ ക്യാപ്റ്റൻ തോമസ്, കണ്ടുകൊണ്ടെൻ കണ്ടുകൊണ്ടെനിലെ മേജർ ബാല, ഉദ്യാനപാലകനിലെ സുധാകരൻ നായർ എന്നിവരും ആർമി ഉദ്യോഗസ്ഥനായിരുന്നു.