566 ദിവസത്തെ കാത്തിരിപ്പ്, യമണ്ടൻ പ്രേമകഥയുമായി ദുൽഖർ! - വിശേഷവുമായി വിഷ്ണുവും ബിബിനും

വ്യാഴം, 28 ഫെബ്രുവരി 2019 (14:21 IST)
ഒരു യമണ്ടൻ പ്രേമകഥ! പേരു കേൾക്കുമ്പോൾ തന്നെ ഒരു വെറൈറ്റി ഉണ്ട്. മലയാളികൾ ഈ ചിത്രത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി. അതിന് പലതാണ് കാരണം. 566 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്. കട്ടപ്പനയുടെ ഹ്രത്വിക് റോഷൻ, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ, വിഷ്ണു എന്നിവർ തിരക്കഥയെഴുതിയ ചിത്രമാണിത്. 
 
സോളോ ആണ് ദുൽഖർ അവസാനം അഭിനയിച്ച മലയാള ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ റിലീസ് ആകും. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ യമണ്ടൻ പ്രേമകഥയുടെ തിരക്കഥാകൃത്തുക്കളായ ബിബിനും വിഷ്ണുവും ഫെയ്സ്ബുക്ക് ലൈവിൽ വന്നിരുന്നു.
 
ചിത്രത്തിന്റെ വിവരങ്ങൾ പറയുന്നതിനോടൊപ്പം രസകരമായൊരു കാര്യവും ഇവർ വെളിപ്പെടുത്തുകയുണ്ടായി. ദുൽക്കർ നായകനായി എത്തുന്ന മലയാളസിനിമ റിലീസ് ചെയ്തിട്ട് 566 ദിവസങ്ങളിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് വിഷ്ണു പറഞ്ഞു. ആ സാഹചര്യത്തിലാണ് യമണ്ടൻ പ്രേമകഥ റിലീസിനെത്തുന്നതെന്നും പ്രേക്ഷകരെപ്പോലെ തങ്ങളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്നും ഇരുവരും പറഞ്ഞു. 
 
നവാഗതനായ ബി.സി. നൗഫലാണ് സംവിധാനം. സംയുക്ത മേനോന്‍, നിഖില വിമൽ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍