സൌബിൻ മാത്രം മതിയെന്ന് ജൂറി, ജയസൂര്യയ്ക്ക് വേണ്ടി വാദിച്ചത് നവ്യ നായർ; ഒടുവിൽ രണ്ട് പേർക്കും പങ്കിട്ട് നൽകി ജൂറി

വ്യാഴം, 28 ഫെബ്രുവരി 2019 (11:19 IST)
49ആമത് ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ ജൂറിയില്‍ ഭിന്നതയുണ്ടായിരുന്നുവെന്ന് സൂചന. മികച്ച നടന്‍, സിനിമ, സംവിധായകന്‍ എന്നീ വിഭാഗങ്ങളില്‍ നടന്നത് കടുത്ത തര്‍ക്കമാണെന്നും ഈ വിഭാഗങ്ങളിലെ പുരസ്കാര നിർണയത്തിൽ ജൂറിക്കുള്ളിൽ തന്നെ ഭിന്നതയുണ്ടായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. 
 
തര്‍ക്കത്തെ തുടര്‍ന്ന് ചെയര്‍മാന്‍ കുമാര്‍ സാഹ്നി പുരസ്‌കാര നിര്‍ണയ സമിതി യോഗത്തിനിടെ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി. ഇദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. ജൂറി ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ രാത്രി വൈകിയായിരുന്നു അന്തിമ അവാര്‍ഡ് നിര്‍ണയം.
 
മികച്ച സിനിമയുടെ സംവിധായകനായ സി. ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള പുരസ്‌കാരവും നല്‍കണമെന്ന് സാഹ്നി വാദിച്ചു. മികച്ച സംവിധായകന് മാത്രമേ മികച്ച ചിത്രം സൃഷ്ടിക്കാനാകൂവെന്നായിരുന്നു അദ്ദേഹത്തിന്റെ അവാദം. എന്നാല്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് മറ്റ് അംഗങ്ങള്‍ ശ്യാമപ്രസാദിന് നല്‍കണമെന്ന് വാദിച്ചു. ഒരു സിനിമ മികച്ചതാകുന്നത് സംവിധാനത്തിനൊപ്പം മറ്റ് മികവുകള്‍ കൂടി ചേരുമ്പോഴാണെന്നായിരുന്നു അംഗങ്ങളുടെ വാദം. 
 
ഒടുവില്‍ ‘നിങ്ങള്‍ തന്നെ തീരുമാനമെടുത്തോളൂ’ എന്ന് പറഞ്ഞ് ചെയര്‍മാന്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോയി. മികച്ച സിനിമയായി ‘കാന്തന്‍-ദ ലവര്‍ ഓഫ് കളര്‍’ തന്നെ തിരഞ്ഞെടുക്കണമെന്നും ചെയര്‍മാന്‍ വാദിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായം മാനിച്ചാണ് മികച്ച സിനിമ തിരഞ്ഞെടുത്തത്. 
 
അതോടൊപ്പം, മികച്ച നടനെ തിരഞ്ഞെടുക്കുന്നതിലും അവാസന റൌണ്ട് ആയപ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി, ജയസൂര്യ, ഫഹദ് ഫാസിൽ, സൌബിൻ, ജോജു എന്നിവരായിരുന്നു ഫൈനൽ റൌണ്ടിൽ എത്തിയത്. ഒടുവിൽ ജയസൂര്യയും സൌബിനും മാത്രമായി. അപ്പോഴും കടുത്ത തർക്കമുണ്ടായി. മുൻ‌തൂക്കം സൌബിനായിരുന്നു. എന്നാൽ, ജൂറിയിലെ വനിത അംഗം ജയസൂര്യയ്ക്ക് വേണ്ടി വാദിച്ചു. ഇതോടെയാണ് വോട്ടിംഗ് വേണ്ടി വന്നത്. 4 വോട്ട് വീതം ഇരുവരും നേടി. ചെയർമാന് പുറമേ അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും വോട്ടിൽ നിന്നും വിട്ടു നിന്നു. 
 
ഒടുവില്‍ പ്രതിഷേധത്തിന്റെ ഭാഗമായി പുരസ്‌കാരം പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തില്‍ നിന്നും കുമാര്‍ സാഹ്നി വിട്ടു നിന്നു. അതേസമയം ‘ആരോഗ്യകരമായ ചര്‍ച്ചകള്‍’ മാത്രമാണ് നടന്നതെന്നാണ് ജൂറി അംഗങ്ങള്‍ ഭിന്നതയെ കുറിച്ച് പ്രതികരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍