സഹകരണ ബാങ്കുകൾ ഇനിമുതൽ ആർബിഐ‌യ്‌ക്ക് കീഴിൽ: ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

Webdunia
ബുധന്‍, 24 ജൂണ്‍ 2020 (16:57 IST)
രാജ്യത്തെ സഹകരണ ബാങ്കുകളെ ആർബിഐയ്‌ക്ക് കീഴിൽ കൊണ്ടുവരാനുള്ള ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐ നിയമങ്ങള്‍ക്ക് കീഴിൽ കൊണ്ടുവരാനുള്ള ഓർഡിനൻസിനാണ് കേന്ദ്രമന്ത്രിസഭ ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഓർഡിനൻസ് പ്രാബല്യത്തിൽ വരും.
 
പുതിയ ഓർഡിനൻസ് നിലവിൽ വരുന്നതോടെ രാജ്യത്തെ 1482 അര്‍ബന്‍ സഹകരണ ബാങ്കുകള്‍, 587 മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവ റിസര്‍വ് ബാങ്കിന്റെ കീഴിലാകും.നേരത്തെ ഇതിന് സമാനമായി ബാങ്കിങ് റെഗുലേഷന്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം മൂലം സഭാ സമ്മേളനം വെട്ടിചുരുക്കിയതിനാൽ പാസാക്കാൻ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത്.
 
ഇതോടെ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്ക് വിധേയമാകും.കിട്ടാക്കടം ഉൾപ്പടെയുള്ള വിഷയങ്ങൾ ആർബിഐയുടെ നേരിട്ടുള്ള മേൽനോട്ടത്തിന് കീഴിലാകും.സമീപകാലത്തായി ചില സംസ്ഥാനങ്ങളില്‍ സഹകരണ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article