മെഹുൽ ചോക്‌സി ഉൾപ്പടെ 50 പേരുടെ 68,000 കോടിയുടെ വായ്‌പ ബാങ്കുകൾ എഴുതിതള്ളിയെന്ന് ആർബിഐ

ചൊവ്വ, 28 ഏപ്രില്‍ 2020 (12:03 IST)
മെഹുൽ ചോക്‌സി ഉൾപ്പടെയുള്ള 50 പേരുടെ വായ്‌പകൾ ഇന്ത്യൻ ബാങ്കുകൾ എഴുതിതള്ളിയതായി റിപ്പോർട്ട്. ഏകദേശം 68,607 കോടിയോളം രൂപയുടെ വായ്‌പകളാണ് ബാങ്കുകൾ സാങ്കേതികമായി എഴുതിതള്ളിയിരിക്കുന്നത്. സാകേത് ഗോഖലെ എന്ന വിവരാവകാശ പ്രവർത്തകൻ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ റിസർവ് ബാങ്കാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.
 
ഇന്ത്യൻ ബാങ്കുകൾ എഴുതി തള്ളിയ വായ്‌പകളെ സംബന്ധിച്ച് ഫെബ്രുവരി 16-ന് പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും മറുപടി നൽകാൻ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് സകേത് ഗോഖലെ ആർബിഐയെ സമീപിച്ചത്.ഇതേ തുടർന്നുള്ള മറുപടിയിലാണ് ഇത്രയും ഭീമമായ തുക ബാങ്കുകൾ എഴുതിതള്ളിയതായുള്ള വിവരമുള്ളത്.
 
ചോക്‌സിയുടെ വിവിധ കമ്പനികൾ മാത്രം ബാങ്കുകളിൽ നിന്നും 8000 കോടി രൂപയുടെ മുകളിൽ വായ്‌പ എടുത്തിട്ടുണ്ട്.ഇയാൾ ഇപ്പോൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ആന്റിഗ്വയിലാണുള്ളത്.4314 കോടിയുമായി സന്ദീപ് ജുജുൻവാലയുടെ സ്ഥാപനമായ ആർ.ഇ.ഐ അഗ്രോ ലിമിറ്റഡ് എന്ന സ്ഥാപനമാണ് രണ്ടാമത്തെ വായ്‌പ കുടിശ്ശികകാരൻ.മറ്റൊരു രത്നവ്യാപാരിയായ ജെയതിൻ മേത്തയുടെ വിൻസം ഡയമണ്ട്സിന് 4,076 കോടിയാണ് വായ്പാ കുടിശ്ശികയുണ്ട്.
 
ബാബാ രാംദേവ് ആൻഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ രുചി സോയ ഇൻഡസ്ട്രീസ്, സൂം ഡെവലപ്പേഴ്സ്,റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്, തുടങ്ങിയ സ്ഥാപനങ്ങൾക്കും 2000 കോടിക്ക് മുകളിൽ വായ്‌പ കുടിശ്ശികയുണ്ട്.1000 കോടിക്ക് മുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയതിൽ 18 കമ്പനികളാണുള്ളത്. വിജയ് മല്യയുടെ കിങ്‌ഫിഷർ എയർലൈൻസും ഇതിൽ ഉൾപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍