പലിശ നിരക്കിൽ ഇളവുകളുമായി ആർബിഐ: ഭവന വാഹന വായ്‌പ നിരക്കുകൾ കുറയും, വായ്‌പകൾക്ക് 3 മാസം മോറട്ടോറിയം

അഭിറാം മനോഹർ

വെള്ളി, 27 മാര്‍ച്ച് 2020 (11:26 IST)
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ റിപ്പോ നിരക്കുകൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസമാണ് ആർബിഐ നിർണായകമായ പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്.റിപ്പോ നിരക്കുകൾ 0.75 ശതമാനം കുറച്ച് 4.4% ആക്കിയതാണ് റിസർവ് ബാങ്കിന്റെ പ്രധാന പ്രഖ്യാപനം.ക്യാഷ് റിസർവ് റേഷ്യോയിൽ ഒരു ശതമാനം കുറവും വരുത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ ഭവന വായ്‌പാ നിരക്കുകൾ കുറയും.കൂടാതെ വായ്‌പകൾക്ക് 3 മാസത്തെ മോറട്ടോറിയവും ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. എംപിസി യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
 
ആർബിഐയുടെ പുതിയ പ്രഖ്യാപനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർബിഐ നിരക്കുകൾ കുറച്ചതോടെ ബാങ്കുകളും വായ്‌പാ നിരക്കുകൾ കുറക്കുന്നതിന് നിർബന്ധിതമാക്കും. വായ്‌പാ നിരക്കുകളിലെ കുറവ് വിപണിയിൽ പണലഭ്യത വർധിപ്പിക്കുന്നതിന് സഹായകമാവും.വായ്‌പ തിരിച്ചടക്കുന്നതിന് മൂന്ന് മാസം മോറട്ടൊറിയം പ്രഖ്യാപിച്ചിട്ടുണ്ട്.ഇത് ബാങ്കുകൾക്കും ബാങ്കിതര സ്ഥാപനങ്ങൾക്കും ബാധകമാണ്.കാഷ് റിസര്‍വ് റേഷ്യോ ഒരുശതമാനം കുറച്ചു. ഇതോടെ സിആര്‍ആര്‍ 3 ശതമാനമായി.അസംസ്‌കൃത എണ്ണവിലകുറയുന്നത് രാജ്യത്തിന് ആശ്വാസകരമാകുമെന്നും ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. ആർബിഐ നിരക്കുകൾ കുറച്ചത് ഓഹരി വിപണിയിലും മാറ്റങ്ങൾ ഉണ്ടാക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍