ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് (ബിആർഡി) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണത്തിലുണ്ടായ പാകപ്പിഴമൂലം 30 പിഞ്ചുകുട്ടികൾ ഉൾപ്പെടെ 63 പേർ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു.
ആശുപത്രി സന്ദർശിക്കാൻ ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ, കേന്ദ്ര ആരോഗ്യ സെക്രട്ടറി എന്നിവർക്ക് ആരോഗ്യമന്ത്രി ജെപി നഡ്ഡ നിർദ്ദേശം നൽകി. ആശുപത്രിയില്‍ കടുത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഉത്തര്‍പ്രദേശിലെ ആരോഗ്യമന്ത്രിയെയും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിപ്പിച്ചു. അന്വേഷണ വിധേയമായി മെഡിക്കൽ കോളജ് സൂപ്രണ്ടിനെ സർക്കാർ സസ്പെൻഡ് ചെയ്തു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി യുപി മെഡിക്കൽ വിദ്യാഭ്യാസമന്ത്രി അശുതോഷ് തൻഡൻ അറിയിച്ചു.
എന്നാല്‍ വിവിധ അസുഖങ്ങൾ ബാധിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം.
മസ്തിഷ്കത്തിലെ അണുബാധ ചികിൽസയ്ക്ക് ഉത്തർപ്രദേശിലെ പേരുകേട്ട ആശുപത്രിയാണ് ബിആർഡി. കിഴക്കൻ യുപിയിലെ പ്രധാന ആരോഗ്യപ്രശ്നമായ മസ്തിഷ്കജ്വരം തടയുന്നതിനായി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ബോധവൽക്കരണം നടക്കുന്നതിനിടെയാണു രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്.
സ്‌ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് ബിആർഡി ആശുപത്രിയിലേക്ക് ദിവസവും ചികിത്സ തേടിയെത്തുന്നത്. ഗോരഖ്പുർ മണ്ഡലത്തിൽ മാത്രം മസ്തിഷ്കജ്വരം മൂലം ഈ വർഷം 114 മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ യുപിയിൽ 40,000 കുട്ടികൾ മരിച്ചതായാണു കണക്ക്.
വന്‍ തുക കുടിശ്ശികയുള്ളതുകൊണ്ടാണ് ആശുപത്രിയിലേക്ക് ഓക്‌സിജന്‍ കൊടുക്കാതിരുന്നതെന്നാണ് സ്വകാര്യ കമ്പനി വ്യക്തമാക്കുന്നത്. ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കുന്നതിന് 66 ലക്ഷം രൂപ ആശുപത്രി കുടിശിക വരുത്തിയിരുന്നെന്നും, അതിനാല്‍ വിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിത മാകുകയായിരുന്നുവെന്നുമാണ് ഏജന്‍സിയുടെ വിശദീകരണം. വ്യാഴാഴ്‌ച രാത്രി മുതലാണ് കമ്പനി ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചത്.