''രാജ്യാന്തര ഉടമ്പടികളാണ് കള്ളപ്പണം തിരികെയെത്തിക്കാന്‍ തടസം''

Webdunia
ശനി, 10 ജനുവരി 2015 (17:25 IST)
രാജ്യാന്തര ഉടമ്പടികളാണ് കള്ളപ്പണം തിരികെയെത്തിക്കുന്നതിന് തടസമായി നില്‍ക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വിദേശ രാജ്യങ്ങളുടെ സഹായം ലഭിക്കാതെ ഇന്ത്യയ്ക്ക് ഒറ്റയ്ക്ക് ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ല. അതിനാല്‍ കള്ളപ്പണം തിരികെയെത്തിക്കുന്നത് സങ്കീര്‍ണമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേത്രത്വത്തില്‍ ഒട്ടേറെ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനു വിവിധ രാജ്യങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണത്തിനെതിരെ സര്‍ക്കാര്‍ നീക്കം നടത്തുന്നതിന്റെ ഭാഗമായാണ് 700 കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. രാജ്യാന്തര ഉടമ്പടികള്‍ക്ക് പരിഹാരം കണ്ടെത്തി കള്ളപ്പണ നിക്ഷേപകര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് താന്‍ ഉറപ്പു നല്‍കുന്നതായും അമിത് ഷാ വ്യക്തമാക്കി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.