പക്ഷികള്‍ക്കും മൗലികാവകാശങ്ങളുണ്ട്; കൂട്ടിലടയ്ക്കരുത്: ഹൈക്കോടതി

Webdunia
തിങ്കള്‍, 18 മെയ് 2015 (13:47 IST)
പക്ഷികള്‍ക്കും മൗലികാവകാശങ്ങളുണ്ടെന്നും അവയെ കൂട്ടിലടച്ച് വളര്‍ത്തുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഡല്‍ഹി ഹൈക്കോടതി. ജസ്റ്റീസ് മന്‍മോഹന്‍ സിംഗാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്. കിളികളെ കൂട്ടിലിടുന്നത് വിൽപ്പന നടത്തുന്നതും അവരുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. ആകാശത്ത് സ്വതന്ത്രമായി പറക്കാനുള്‍പ്പെടെയുള്ള മൗലികാവകാശങ്ങള്‍ പക്ഷികള്‍ക്കുമുണ്ടെന്നും ബിസിനസ്സിനും മറ്റു ആവശ്യങ്ങള്‍ക്കുമായി പക്ഷികളെ കൂട്ടിലടയ്ക്കാന്‍ മനുഷ്യന് അവകാശമില്ലെന്നും കോടതി പറഞ്ഞു.

കേസില്‍ പക്ഷികളുടെ ഉടമസ്ഥനായ മുഹമ്മദ് മൊഹസിമിനും ഡല്‍ഹി പോലീസിനും കോടതി നോട്ടീസയച്ചു. സംഭവത്തില്‍ മെയ് 28-ന് മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടു. പക്ഷികളെ ആരില്‍ നിന്ന് മോചിപ്പിച്ചോ അയാള്‍ക്കു തന്നെ തിരിച്ചു നല്‍കണമെന്ന വിചാരണക്കോടതിയുടെ നിര്‍ദേശം സ്റ്റേ ചെയ്തുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയെ ത്തുടര്‍ന്നാണ് ഹൈക്കോടതി നടപടി.