കൂനൂര്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തിന്റെ തീവ്രത എന്തുമാത്രമുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്നതിനു മുന്‍പ് അടിയന്തര സന്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യോമസേന സ്ഥിരീകരിച്ചു. അപകടത്തിനു മുന്‍പ് ഹെലികോപ്റ്ററില്‍ നിന്ന് വന്ന അവസാന സന്ദേശം സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. എയര്‍ബേസിലേക്ക് അവസാനം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടമായതായും പിന്നീട് അടിയന്തര സന്ദേശം ലഭിച്ചിട്ടില്ലെന്നും പറയുന്നു.
വ്യാഴാഴ്ച കാലത്ത് 11.48ന് സൂലൂരില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ 12.15ന് വെല്ലിടണില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ 12.08ന് എയര്‍ബേസുമായുള്ള ഹെലികോപ്റ്ററിന്റെ ബന്ധം നഷ്ടമായി. അപകട സാധ്യത കണ്ടാല്‍ ഹെലികോപ്റ്ററില്‍ നിന്ന് അടിയന്തര സന്ദേശം ലഭിക്കേണ്ടതാണ്. എന്നാല്‍, ഈ ഹെലികോപ്റ്ററില്‍ നിന്ന് അങ്ങനെയൊരു സന്ദേശം ലഭിച്ചിട്ടില്ല. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രം അകലെവെച്ചാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. കൂനൂരിനടുത്ത് കാട്ടേരിയിലെ എസ്റ്റേറ്റില്‍ തകര്‍ന്നുവീണ ഉടന്‍ ഹെലികോപ്റ്റര്‍ കത്തിയമര്‍ന്നു. ഏകദേശം ഒന്നര മണിക്കൂറോളം സമയമെടുത്താണ് പൂര്‍ണമായും തീ അണയ്ക്കാന്‍ കഴിഞ്ഞത്.