അപകടത്തില്‍പ്പെട്ട എം.ഐ-17വി5 കോപ്റ്ററിന് രണ്ട് എന്‍ജിനുകളാണുള്ളത്. ഒരു എന്‍ജിന്‍ തകരാറിലായാല്‍പ്പോലും സാധാരണഗതിയില്‍ കോപ്റ്ററിനെ ലാന്‍ഡ് ചെയ്യിക്കാന്‍ രണ്ടാമത്തെ എന്‍ജിന്‍ ഉപയോഗിച്ച് സാധിക്കും. രണ്ട് എന്‍ജിനും തകരാറിലായാല്‍പ്പോലും ഓട്ടോറൊട്ടേഷന്‍ മോഡില്‍ ഇറക്കാന്‍ കഴിയും. അത്യാധുനികമായ സംവിധാനങ്ങള്‍ എല്ലാം ഉണ്ടായിട്ടും ഹെലികോപ്റ്റര്‍ എങ്ങനെ അപകടത്തില്‍പ്പെട്ടു എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
കോപ്റ്ററിലുണ്ടായ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളും അപകടത്തിനുകാരണമായേക്കാമെന്ന് കരുതുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായ അഭ്യര്‍ഥനാസന്ദേശം (ഡിസ്ട്രസ് കോള്‍) അടുത്തുള്ള മോണിറ്ററിങ് സ്റ്റേഷനിലേക്ക് അയക്കാറുണ്ട്. കോപ്റ്ററിന് ഇറങ്ങാന്‍ സാധിക്കുന്ന, സമീപത്തെ വിമാനത്താവളങ്ങളിലേക്കോ കപ്പലിലേക്കോ സന്ദേശമയക്കാം. എന്നാല്‍, നീലഗിരി സംഭവത്തില്‍ അങ്ങനെയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.