Bilkis Bano Case: ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിനു തിരിച്ചടി, പ്രതികളെ വിട്ടയച്ചതു റദ്ദാക്കി; 11 പേരും ജയിലിലേക്ക് തിരിച്ചെത്തണം

രേണുക വേണു
തിങ്കള്‍, 8 ജനുവരി 2024 (11:33 IST)
Bilkis Bano

Bilkis Bano Case: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ഗുജറാത്ത് സര്‍ക്കാരിനു തിരിച്ചടി. കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവു നല്‍കി വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. എല്ലാ പ്രതികളും ജയിലിലേക്ക് തിരിച്ചെത്തണം. ജസ്റ്റിസ് ബി.വി.നാഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 
 
2022 ഓഗസ്റ്റ് 15 നാണ് ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ 11 പ്രതികളേയും ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. 2002 ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്തു എന്നതാണ് കേസ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് ജയിലിലെ നല്ല നടപ്പിന്റെ പേരില്‍ പ്രതികളെ ജയില്‍ മോചിതരാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതികളെ മോചിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനു അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് നല്‍കിയിരുന്നത്. ഇവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ഗുജരാത്ത് സര്‍ക്കാരിനു എന്ത് അധികാരമാണ് ഉള്ളതെന്നും കോടതി ചോദിച്ചു. 
 
പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ ബില്‍ക്കിസ് ബാനുവാണ് സുപ്രീം കോടതിയെ സമീപിച്ചത്. ബില്‍ക്കിസ് ബാനുവിനെ കൂടാതെ മുന്‍ എംപി മഹുവ മൊയ്ത്രി, സിപിഎം പിബി അംഗം സുഭാഷിണി അലി എന്നിവരും ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article