Same-sex Marriage: സ്വവര്‍ഗ വിവാഹത്തിനു നിയമ സാധുതയില്ല, ഹര്‍ജികള്‍ തള്ളി

ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (12:57 IST)
Same-sex Marriage: സ്വവര്‍ഗ വിവാഹത്തിനു നിയമ സാധുതയില്ലെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച്. അഞ്ചംഗ ബെഞ്ചിലെ മൂന്ന് പേര്‍ സ്വവര്‍ഗ വിവാഹത്തിനു നിയമ സാധുത കല്‍പ്പിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് നിലപാടെടുത്തു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റിസ് എ.കെ.കൗളും മാത്രമാണ് യോജിച്ചത്. സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ 4 റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചു. നിയമനിര്‍മാണം പാര്‍ലമെന്റാണ് നടത്തേണ്ടതെന്ന നിലപാടാണ് അനുകൂല വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസും ജസ്റ്റിസ് കൗളും വ്യക്തമാക്കിയത്. കോടതി നേരിട്ടു നിലപാടെടുത്താല്‍ അത് നിയമനിര്‍മാണ സഭയുടെ അധികാരത്തില്‍ ഇടപെടുന്നതിനു തുല്യമാകുമെന്നും നിരീക്ഷിച്ചു. 2018 സെപ്റ്റംബര്‍ ആറിന് സ്വവര്‍ഗ രതി നിയമവിധേയമാക്കി സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. 
 
എസ്.ആര്‍.ഭട്ട്, ഹിമ കോലി, പി.എസ്.നരസിംഹ എന്നിവരാണ് വിയോജിപ്പ് വിധി പുറപ്പെടുവിച്ചത്. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ പത്ത് ദിവസങ്ങളായി 40 മണിക്കൂര്‍ വാദം നടന്നു. ആര്‍ഷ ഭാരത സംസ്‌കാരത്തിനു യോജിക്കുന്നതല്ല സ്വവര്‍ഗ വിവാഹം എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത്. ഒരേ സെക്‌സിലുള്ള രണ്ട് പേര്‍ പങ്കാളികളായി ജീവിക്കുന്നതും വിവാഹം കഴിക്കുന്നതും ഇന്ത്യയിലെ കുടുംബ സംവിധാനത്തോട് ചേരുന്നതല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍