ഡൽഹിയിലെ ഗുരുതരസാഹചര്യം കൃത്രിമമഴ പെയ്യിക്കാൻ കെജ്രിവാൾ

വ്യാഴം, 9 നവം‌ബര്‍ 2023 (19:26 IST)
ഡല്‍ഹിയില്‍ ഒരാഴ്ചയായി രൂക്ഷമായി തുടരുന്ന വായുമലിനീകരണത്തെ പ്രതിരോധിക്കാന്‍ കൃത്രിമ മഴ പെയ്യിക്കാന്‍ തയ്യാറെടുത്ത് കേജ്രിവാള്‍ സര്‍ക്കാര്‍. കഴിഞ്ഞ 7 ദിവസമായി ഗുരുതരമായ നിലയിലാണ് ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്. അയല്‍ സംസ്ഥാനങ്ങളില്‍ വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും വാഹനങ്ങളില്‍ നിന്നുള്ള പുകയും സാഹചര്യത്തെ രൂക്ഷമാക്കുകയാണ്.
 
ഗുരുതരമായ ഈ സ്ഥിതിവിശേഷം പരിഹരിക്കാനായി കാണ്‍പൂര്‍ ഐഐടി സംഘവുമായി ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായും ധനമന്ത്രി അതിഷിയും കൂടിക്കാഴ്ച നടത്തിവരികയാണ്. ഈ വിഷയത്തില്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനുണ്ട്. ഇതും ഐഐടി സംഘത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ ഗുരുതരമായ സാഹചര്യത്തില്‍ അടിയന്തിരനടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ നിന്ന് അനുമതി കിട്ടിയാല്‍ ഡല്‍ഹി സര്‍ക്കാറും കേന്ദ്രവും പദ്ധതി നടപ്പാക്കുന്നതിലേക്ക് കടക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
 
കൃത്രിമ മഴ സൃഷ്ടിക്കാന്‍ കുറഞ്ഞത് 40 ശതമാനം മേഘപാളികള്‍ വേണമെന്ന് ഐഐടി സംഘം പറയുന്നു. നവംബര്‍ 20,21 തീയ്യതികളില്‍ ഇത് സാധ്യമായേക്കും. അനുമതി ലഭിച്ചാല്‍ പൈലറ്റ് പഠനം നടത്താമെന്ന് ഐഐടി വിദഗ്ധര്‍ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സുപ്രീം കോടതി വാദം കേള്‍ക്കുമ്പോള്‍ ഈ നിര്‍ദേശം മുന്നോട്ട് വെയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍