പശുവിനെ കടത്തുന്നതിനിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

Webdunia
ഞായര്‍, 29 നവം‌ബര്‍ 2015 (13:55 IST)
ഹരിയാനയില്‍ പശുവിനെ കടത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുമായുള്ള വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പേര്‍ രക്ഷപ്പെട്ടതായി കുരുക്ഷേത്ര ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഞായറാഴ്‌ച രാവിലെ ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലാണ് സംഭവം നടന്നത്. 110 കിലോമീറ്റർ അകലെയുള്ള താനേശർ എന്ന സ്ഥലത്താണ് വെടിവയ്പ്പ് നടന്നത്. താനേശ്വരില്‍ പിക്ക് അപ് ജീപ്പില്‍ പശുവിനെ കടത്തിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസും ഗ്രാമീണരും വാഹനം തടയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതിവേഗത്തിലെത്തിയ സംഘം
 പൊലീസ് കൺട്രോൾ റൂമിന്‍റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയും പൊലീസിനു നേരെ വെടിയുതിർക്കുകയുമായിരുന്നു.

ഇതോടെ പൊലീസും തിരിച്ചു വെടിവച്ചു. ഇതിലാണ് ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തത്. മൂന്നു പേർ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടതായും പൊലീസ് പറയുന്നു. പശുവിനെ കൊല ചെയ്യുന്നതും ഇറച്ചിക്കുവേണ്ടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നതും നിരോധിച്ചുകൊണ്ടുള്ള നിയമം ഹരിയാന സര്‍ക്കാര്‍ ഈയിടെയാണ് നടപ്പാക്കിയത്.