എനിക്ക് കസേരയില്ല, തലയണയില്ല; ഇപ്പോള്‍ നടുവേദനയാണ് - ആകെ അവശനായി പി ചിദംബരം

രാകേഷ് സി കെ
വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (19:19 IST)
തിഹാര്‍ ജയിലില്‍ തനിക്ക് ആകെ ദുരിതമാണെന്ന് ഐ എന്‍ എക്സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം. തനിക്ക് കസേരയോ തലയണയോ അനുവദിക്കുന്നില്ലെന്നും അതിനാല്‍ നടുവേദനയുണ്ടാകുന്നു എന്നും ചിദംബരം ഡല്‍ഹി കോടതിയെ അറിയിച്ചു.
 
തനിക്ക് ആരോഗ്യപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയിലാണ് അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ചിദംബരം അറിയിച്ചിട്ടുള്ളത്. മുമ്പ് കസേരയുണ്ടായിരുന്നുവെന്നും താന്‍ ഉപയോഗിക്കുന്നതുകൊണ്ടാണോയെന്ന് അറിയില്ല ഇപ്പോള്‍ കസേരകള്‍ ഇല്ലെന്നും തലയണയും ലഭിക്കുന്നില്ലെന്നും ചിദംബരം പറയുന്നു.
 
അഭിഷേക് മനു സിംഗ്‌വി, കപില്‍ സിബല്‍ എന്നീ അഭിഭാഷകരാണ് ചിദംബരത്തിനായി കോടതിയില്‍ ഹാജരായത്. എന്നാല്‍ തുടക്കം മുതലേ ചിദംബരത്തിന് കസേര അനുവദിച്ചിരുന്നില്ലെന്നും വളരെ ചെറിയ ഈ പ്രശ്നത്തിനുവേണ്ടി ഒച്ചപ്പാടുണ്ടാക്കേണ്ട കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭിപ്രായപ്പെട്ടു. 
 
തുടര്‍ന്ന് ചിദംബരത്തിന് കസേരയും തലയണയും അനുവദിക്കണമെന്നും ആരോഗ്യപരിശോധന നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ചിദംബരത്തിന്‍റെ കസ്റ്റഡി ഒക്‍ടോബര്‍ മൂന്നുവരെ നീട്ടുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article