അയോധ്യയെ ഉപേക്ഷിച്ചാല്‍ മുസ്ലീങ്ങളെ സ്നേഹിക്കാം: അശോക് സിംഗാള്‍

Webdunia
വ്യാഴം, 17 ജൂലൈ 2014 (17:17 IST)
മുസ്ലീങ്ങള്‍ ഹിന്ദു വികാരം മാനിക്കണമെന്നും അയോധ്യ,കാശി, മഥുര എന്നിവിടങ്ങളില്‍ അവകാശവാദം ഒഴിവാക്കുകയും ചെയ്യുകയാണെങ്കില്‍ മുസ്ലീങ്ങളെ സ്നേഹിക്കാമെന്നുള്ള വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റെ പ്രസ്താവന വിവാദമാകുന്നു. 
 
ഒരു ഹിന്ദി ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് സിംഗാല്‍ ഇത്തരത്തില്‍ പറഞ്ഞത്. മുസ്ലീങ്ങള്‍ ഹിന്ദു വികാരങ്ങള്‍ മാനിക്കണമെന്ന് ആവശ്യപ്പെട്ട സിംഗാള്‍ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയം മുസ്ലീം രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് എന്ന് അവകാശപ്പെട്ടു.
 
മുസ്ലീങ്ങളെ സാധാരണ പൗരന്മാരെപോലെ തന്നെ കാണും. ഇക്കാര്യത്തില്‍ ഒട്ടും കൂടുകയുമില്ല കുറയുകയുമില്ല. ഹിന്ദുക്കളെ എതിര്‍ക്കാനാണെങ്കില്‍ രാജ്യത്ത് ന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്ക് എങ്ങനെ മുന്നോട്ട് പോകാനാകുമെന്ന് അഭിമുഖത്തിനിടെ സിംഗാള്‍ ചോദിക്കുന്നുണ്ട്.
 
മുസ്ലീങ്ങള്‍ അയോധ്യ,കാശി, മഥുര എന്നിവയ്ക്ക് വേണ്ടിയുള്ള അവകാശവാദം ഉപേക്ഷിക്കണമെന്നും ഏകീകൃത സിവില്‍ കോഡ് അംഗീകരിക്കണമെന്നും സിംഗാള്‍ ആവശ്യപ്പെടുന്നു. അങ്ങനെയല്ല എങ്കില്‍ രാജ്യത്ത് വീണ്ടും ഹൈന്ദവ ഏകീകരണമുണ്ടാകുമെന്നും അത് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമെന്നും സിംഗാള്‍ മുന്നറിയിപ്പ് നല്‍കാന്‍ സിംഗാള്‍ മറന്നില്ല.
 
അതേ സംയം സിംഗാളിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. പ്രസ്താവനയെ അപലപിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയും മനീഷ് തിവാരിയും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ പ്രസ്താവനയെ അനുകൂലിക്കില്ലെന്ന് കരുതുന്നു എന്നാണ് ശുക്ല പറഞ്ഞത്.