നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ ഇന്ന് സ്വാഭിമാന്‍ റാലി

Webdunia
ഞായര്‍, 30 ഓഗസ്റ്റ് 2015 (09:53 IST)
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ ഇന്ന് സ്വാഭിമാന്‍ റാലി. ജെ ഡി യു, ആര്‍ ജെ ഡി, കോണ്‍ഗ്രസ് എന്നിവര്‍ ഒന്നുചേര്‍ന്നാണ് സ്വാഭിമാന്‍ റാലി നടത്തുക. റാലിയോട് അനുബന്ധിച്ച് ഗാന്ധി മൈതാനില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച് മൂന്നു പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. ഈ മാസം ആദ്യം നടന്ന ചര്‍ച്ചയില്‍ ആയിരുന്നു സീറ്റു സംബന്ധിച്ച് ധാരണയായത്. തുടര്‍ന്നാണ് മൂന്നു പാര്‍ട്ടികളും ചേര്‍ന്ന് റാലി നടത്താന്‍ തീരുമാനമായത്.
 
ആകെയുള്ള 243 സീറ്റുകളില്‍ നിതീഷ്‌കുമാറിന്റെ ജെ ഡി യുവും ലാലുപ്രസാദ് യാദവിന്റെ ആര്‍ ജെ ഡിയും നൂറ് സീറ്റുകളില്‍ വീതം മത്സരിക്കും. ബാക്കിയുള്ള 40 സീറ്റുകളില്‍ ആയിരിക്കും കോണ്‍ഗ്രസ് മത്സരിക്കുക. അതേസമയം, എന്‍ സി പി, ഐ എന്‍ എല്‍ ഡി എന്നീ പാര്‍ട്ടികളും സഖ്യത്തില്‍ ചേരുമെന്നാണ് കണക്കു കൂട്ടുന്നത്. 
 
ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി അഞ്ച് ഘട്ടമായിട്ടായിരിക്കും ബിഹാറില്‍ തെരഞ്ഞെടുപ്പു നടക്കുകയെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. നവംബര്‍ 29നാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുക.