പതിനാറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അസാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി. ജോധ്പുർ കോടതിയാണ് ആസാറാം ബാപ്പു അടക്കം നാലു പേർ പ്രതികളാണെന്ന് വിധിച്ചത്.
അസാറാമിന്റെ അനുയായികളായ ശിൽപി, ശിവ എന്നിവരെയാണു കുറ്റക്കാരെന്നു വിധിച്ചത്. ശരത്ത്, പ്രകാശ് എന്നിവരെ വെറുതെ വിട്ടു. ജോധ്പുർ എസ്‌സി, എസ്ടി കോടതിയുടെ പ്രത്യേക ബെഞ്ച് ജയിലിനുള്ളില്‍വച്ചാണു വിധിപ്രസ്താവം നടത്തിയത്.
കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ അസാറാമിന് കുറഞ്ഞത് പത്തുവർഷം തടവെങ്കിലും ലഭിക്കുമെന്നാണു വിലയിരുത്തൽ. 2013 ഓഗസ്റ്റ് 15-ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ച് 16കാരിയെ ബലാത്സംഗം ചെയ്തുവെന്നാണ് ബാപ്പുവിനെതിരായ കേസ്.
പതിനാറുകാരിയുടെ പരാതിയെത്തുടര്‍ന്ന് പോക്സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. അതേസമയം, ജോധ്പൂർ നഗരത്തിൽ 21ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ ശക്തമാക്കി. ബാപ്പുവിന്റെ അനുയായികൾ അക്രമണം അഴിച്ചുവിടാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണിത്.