കനത്ത പുകമഞ്ഞിൽ ശ്വാസംമുട്ടുന്ന ഡല്‍ഹിയില്‍ ഉടന്‍ തന്നെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. അടുത്ത അഞ്ചു ദിവസത്തേക്ക് എല്ലാ മേഖലകളിലേയും നിർമാണ–ഉന്മൂലന പ്രവർത്തനങ്ങള്‍ നിർത്തി വയ്ക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായു മലനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് വരുന്ന മൂന്നു ദിവസത്തേക്കു കൂടി സ്കൂളുകൾക്ക് അവധി നൽകും. ആശുപത്രികളും മറ്റ് അത്യാവശ്യ സ്ഥലങ്ങളും ഒഴികെ അടുത്ത പത്തു ദിവസത്തേക്ക് ഡീസൽ ജനറേറ്റർ ഉപയോഗിക്കരുത്. ബദാർപുരിലെ വൈദ്യുത ഉൽപാദന കേന്ദ്രം പത്തു ദിവസത്തേക്ക് അടച്ചിടുമെന്നും കെജ്‍രിവാൾ പറഞ്ഞു.
റോഡുകളിൽ വെള്ളം തളിക്കുകയും മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. ജനങ്ങൾ കഴിയുമെങ്കില്‍ വീട്ടിൽ തന്നെയിരിക്കണമെന്നും പറ്റുമെങ്കിൽ ജോലിയും ഇത്തരത്തിൽ തന്നെ ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കൃത്രിമമായി മഴപെയ്യിക്കുന്നതിനെ പറ്റിയുള്ള സാധ്യതകള്‍ മന്ത്രിസഭ ചർച്ച ചെയ്തിട്ടുണ്ട്. ഇതിനായി കേന്ദ്രത്തിന്റെ സഹായം വേണമെന്നും കേജ്‍രിവാൾ കൂട്ടിച്ചേര്‍ത്തു.