അരുണാചല്‍പ്രദേശില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. നോട്ടീസിന് മറുപടി നല്കാന്‍ രണ്ടു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
അതേസമയം, രാഷ്‌ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തു കൊണ്ട് ഗവര്‍ണര്‍ നല്കിയ റിപ്പോര്‍ട്ട് ഹാജരാക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആയിരുന്നു സുപ്രീംകോടതി റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടത്. ഗവര്‍ണറോട് 15 മിനിറ്റിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആയിരുന്നു ആവശ്യപ്പെട്ടത്.
അരുണാചല്‍ നിയമസഭയിലെ 21 കോണ്‍ഗ്രസ് അംഗങ്ങള്‍ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന്, മുഖ്യമന്ത്രി നബാംതൂകി സര്‍ക്കാരിനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയതോടെയാണ് അരുണാചലില്‍ രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അതേസമയം, നിയമസഭയ്ക്ക് പുറത്ത് താത്‌കാലിക ഷെഡില്‍ വച്ച് യോഗം ചേര്‍ന്ന് സ്പീക്കര്‍ നബാം റെബിയയെ ഇംപീച്ച് ചെയ്ത ശേഷമാണ് ഇവര്‍ മുഖ്യമന്ത്രിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. അതേസമയം, ഗുവാഹത്തി ഹൈക്കോടതി ഈ നടപടി റദ്ദാക്കിയിരുന്നു.