മുസ്ലീം മതവികാരത്തെ വൃണപ്പെടുത്തി; മാപ്പു ചോദിച്ച് റിപ്പബ്ലിക് ടിവി

തിങ്കള്‍, 4 മാര്‍ച്ച് 2019 (13:34 IST)
ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്രം നിരോധിച്ച വാര്‍ത്തയില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ പ്രസിഡന്റ് ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ഉപയോഗിച്ച സംഭവത്തില്‍ നിരുപാധികം മാപ്പു പറഞ്ഞ് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി. ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു  പ്രതികരണം. വാര്‍ത്തയില്‍ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ഉപയോഗിച്ചത് വീഡിയോ എഡിറ്റര്‍ക്ക് സംഭവിച്ച പിഴവാണെന്നും തെറ്റ് ശ്രദ്ധയില്‍പെട്ടതിന് പിറകെ ഇതു തിരുത്തിയെന്നും വിശദീകരണത്തില്‍ ചാനല്‍ പറയുന്നു. 
 
ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള ജലാലുദ്ദീന്‍ ഉമരിയുടെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് ചാനല്‍ മാപ്പ് പറഞ്ഞത്. ജമാഅത്തെ ഇസ്ലാമി ഹിന്ദിന് ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് അറിവില്ലാത്തവരാണോ റിപ്പബ്ലിക് ടി.വി നടത്തിപ്പുകാരെന്ന് ഉമരി വാര്‍ത്തസമ്മേളനത്തില്‍ ചോദിച്ചിരുന്നു.
 
ഇന്ത്യന്‍ മാധ്യമങ്ങള്‍ അങ്ങേയറ്റം നിരുത്തരവാദപരമായ തരത്തിലാണ് ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍