കേന്ദ്രമന്ത്രി വികെ സിങ് സ്ഥാനക്കയറ്റം തടഞ്ഞ് തന്നെ പീഡിപ്പിച്ചുവെന്ന് കരസേനാ മേധാവി ദല്‍ബീര്‍ സിങ്. 2012ല്‍ സേനാമേധാവിയായിരിക്കെ തനിക്ക് അന്യായമായി നിരോധമേര്‍പ്പെടുത്തിയെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ദല്‍ബീര്‍ സിങ് ആരോപിച്ചിരിക്കുന്നത്. സേനയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് തന്റെ മുന്‍ഗാമിക്കെതിരെ ഒരു കരസേനാമേധാവി ആരോപണം ഉന്നയിക്കുന്നത്.
അടിസ്ഥാനമില്ലാത്തതും സാങ്കല്‍പികവമായ ആരോപണങ്ങളുമായി വികെ സിങ് തനിക്ക് ഷോകോസ് നോട്ടീസ് നല്‍കി. തുടര്‍ന്ന് 2012 മെയ് 19ന് ഡിവി (ഡിസിപ്‌ളിന്‍ ആന്‍ഡ് വിജിലന്‍സ്) നിരോധമേര്‍പ്പെടുത്തുകയായിരുന്നു. സ്ഥാനക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെ മനപൂര്‍വം ചെയ്തതായിരുന്നു ഇതെന്നും സത്യവാങ്മൂല്തതില്‍ പറയുന്നു.
കരസേനാമേധാവി സ്ഥാനത്തേക്ക് ദല്‍ബീര്‍ സിങിനെ പരിഗണിച്ചത് പക്ഷപാതപരമായാണെന്ന ഹരജിയില്‍ സുപ്രീംകോടതിയില്‍ നടന്ന വാദത്തിനിടയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.
2011ല്‍ അസമിലെ ജോര്‍ഹതില്‍ നടന്ന ഓപറേഷനില്‍ ദല്‍ബീര്‍ സിങ് വീഴ്ച വരുത്തിയെന്നാരോപിച്ചാണ് അന്നത്തെ കരസേനാ മേധാവിയായിരുന്ന വികെ സിങ് നിരോധമേര്‍പ്പെടുത്തിയത്. പിന്നീട് കരസേനാ മേധാവിയായി ചുമതലയേറ്റ ജനറല്‍ വിക്രം സിങ്ങാണ് നിരോധം നീക്കി ദല്‍ബീര്‍ സിങിനെ കിഴക്കന്‍ മേഖലയിലെ കമാന്‍ഡറായി നിയമിച്ചത്.