വ്യാജ ഏറ്റുമുട്ടല്‍ കേസ്: അമിത് ഷായ്‌ക്കെതിരായ കേസില്‍ സുപ്രിംകോടതി വാദം കേള്‍ക്കും

Webdunia
തിങ്കള്‍, 25 ജൂലൈ 2016 (08:38 IST)
സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കുറ്റമുക്തനാക്കിയതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ സുപ്രീംകോടതി ആഗസ്റ്റ് ഒന്നിന് വാദം കേള്‍ക്കും. മുന്‍ ഐഎഎസ് ഓഫിസറും സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍ ആണ് അമിത് ഷായെ കുറ്റമുക്തനാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡേ, ആര്‍ ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
 
2014 ഡിസംബര്‍ 30ന് മുംബൈയിലെ സിബിഐ കോടതി ബിജെപി അധ്യക്ഷനെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റമുക്തനാക്കിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാലാണ് അമിത് ഷായെ കേസില്‍ പ്രതിയാക്കിയതെന്നും അമിത് ഷാക്കെതിരെ തെളിവില്ലെന്നും പറഞ്ഞാണ് സിബിഐ കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയത്. ഇതിനെതിരെ ഹര്‍ഷ് മന്ദര്‍ ബോംബെ ഹൈകോടതിയെ സമീപിച്ചെങ്കിലും കേസുമായി ബന്ധപ്പെട്ട വ്യക്തിയല്ല ഹരജിക്കാരന്‍ എന്നുപറഞ്ഞ് കഴിഞ്ഞ മാര്‍ച്ചില്‍ ഈ ആവശ്യം നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് ഹര്‍ഷ് മന്ദര്‍ സുപ്രിംകോടതിയെ സമീപിച്ചത്. 
 
 
Next Article