ഒടുവില്‍ അതും സംഭവിച്ചു; ഇന്ത്യ പറഞ്ഞത് അമേരിക്ക അനുസരിക്കുന്നു!

Webdunia
ചൊവ്വ, 20 ജനുവരി 2015 (10:48 IST)
ഒടുവില്‍ അമേരിക്ക സ്വന്തം കടും‌പിടുത്തം ഒഴിവാക്കുന്നു. എവിടെപ്പോയാലും സ്വന്തം വാഹനത്തില്‍ മാത്രമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ യാത്ര. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ പ്രോട്ടോകോള്‍ അംഗീകരിക്കാനാണ് അമേരിക്കയുടെ തീരുമാനം. അതിനാല്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥിയായെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സ്വന്തം വാഹനമായ ബീസ്റ്റ് ഒഴിവാക്കിയേക്കുമെന്ന് ഏകദേശം ഉറപ്പായി.
 
പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോടൊപ്പമായിരിക്കും ഒബാമ രാജ്പഥിലെത്തേണ്ടത്. ഒബാമ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വാഹനത്തില്‍ കയറില്ലെന്ന് അമേരിക്ക അറിയിച്ചിരുന്നു. ഒന്നുകില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വാഹനത്തില്‍ ഇന്ത്യന്‍ പ്രസിഡന്റിനും കയറാം, അല്ലെങ്കില്‍ ഒബാമ മറ്റൊരു കാറില്‍ സഞ്ചരിക്കാം എന്നാണ് അമേരിക്ക അറിയിച്ചത്.എന്നാല്‍ റിപ്പബ്ലിക് ദിനത്തില്‍ അമേരിക്കന്‍ പതാക ഉള്ള കാ‍ര്‍ പരേഡ് നടക്കുന്നിടത്തേക്ക് അനുവദിക്കില്ലെന്ന് ഇന്ത്യ നിലപാടെടുക്കുകയായിരുന്നു.
 
ഇതോടെയാണ് അമേരിക്ക് അയഞ്ഞത്. അങ്ങനെയെങ്കില്‍ മറ്റൊരു രാജ്യത്ത് സ്വന്തം ബുള്ളറ്റ് പ്രൂഫ് ലിമോസിന്‍ ഒഴിവാക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാകും ഒബാമ. ബീസ്റ്റ് എന്നറിയപ്പെടുന്ന പ്രത്യേകസൗകര്യങ്ങളൊരുക്കിയ ലിമോസിന് ബോംബുകളെയും വെടിയുണ്ടകളെയും പ്രതിരോധിക്കാന്‍ സാധിക്കും. തോക്ക്, കണ്ണീര്‍ വാതക കാനനുകള്‍, പഞ്ചറാകാത്ത തരത്തിലുള്ള ടയറുകള്‍. പൊട്ടിത്തെറിക്കാത്ത ഇന്ധനടാങ്ക്, ഓക്‌സിജന്‍ ടാങ്കുകള്‍ അഗ്നിശമനത്തിനുള്ള ഉപകരണങ്ങള്‍, തുടങ്ങിയ സംവിധാനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ വാഹനത്തിലുണ്ട്.
 
പെന്റഗണും അമേരിക്കന്‍ വൈസ് പ്രസിഡന്റുമായി ബന്ധപ്പെടാനായി ഡയറക്ട് കണക്ഷനുള്ള സാറ്റലൈറ്റ് ഫോണും രാത്രി കാഴ്ചക്കു സഹായകമാകുന്ന പ്രത്യേക ക്യാമറകളും ബീസ്റ്റിലുണ്ട്. ഏകദേശം ഒരു ബോയിംഗ് 757 വിമാനത്തിനു തത്തുല്യമായ ഭാരമാണ് ഈ കാറിനുള്ളത്. എട്ടിഞ്ചാണ് പ്ലേറ്റിംഗിന്റെ കനം. പ്രത്യേക പരിശീലനം ലഭിച്ച സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥനു മാത്രം അവകാശപ്പെട്ടതാണ് ബീസ്റ്റിന്റെ ഡ്രൈവിംഗ് സീറ്റ്. ഈ സൌകര്യങ്ങള്‍ എല്ലാം ഒബാമ ഒഴിവാക്കുമൊ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അങ്ങനെയായാല്‍ അത് ചരിത്രമാകും. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.