വരുമാനത്തില്‍ വര്‍ധനവ്, എയര്‍ ഇന്ത്യ രക്ഷപ്പെടുന്നു

Webdunia
വെള്ളി, 6 മാര്‍ച്ച് 2015 (14:08 IST)
നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം നിരത്തിക്കൊണ്ടിരുന്ന പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ നഷ്ടത്തിന്റെ പടുകുഴിയില്‍ നിന്ന് രക്ഷപ്പെടുന്നതായി സൂചനകള്‍. കമ്പനിയുടെ വരുമാനത്തില്‍ നേരിയ വര്‍ധനയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. വിമാന ഇന്ധന വിലയിലുണ്ടായ കുറവാണ് കമ്പനി നേരിയതെങ്കിലും ലാഭത്തിലെത്താന്‍ കാരണമായത്. ഇക്കഴിഞ്ഞ പാദവര്‍ഷത്തില്‍ 14.6 കോടിയുടെ ലാഭം ഉണ്ടാക്കിയതായാണ് വിവരം.
 
ഡിസംബറില്‍ അവസാനിച്ച പാദവര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം ആറരശതമാനം വര്‍ധിച്ച് 2070 കോടിയിലെത്തി. തൊട്ടുമുമ്പത്തെ വര്‍ഷം 1944 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. 2013-14-ല്‍ 391 കോടി വരുമാനമുണ്ടാക്കിയിരുന്ന സ്ഥാനത്ത് 2014-15ല്‍ 418.8 കോടിയായി വരുമാനം ഉയര്‍ന്നിരുന്നു. വിമാനങ്ങളുടെ എണ്ണം 93ല്‍നിന്ന് 99 ആയി ഉയര്‍ന്നതും ഈ നേട്ടത്തിന് കാരണമായി. 
 
2014-2015 വര്‍ഷം ഇതുവരെ എയര്‍ ഇന്ത്യ 169.47 ലക്ഷം യാത്രക്കാരെ വഹിച്ചെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. വിമാനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് ഇതിനു കാരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 154.06 ലക്ഷം ആയിരുന്നു. 2007-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായുള്ള ലയനത്തിന് ശേഷം എയര്‍ ഇന്ത്യ നഷ്ടത്തിന്റെ പടുകുഴിയിലായിരുന്നു. ഇപ്പോഴത്തെ ലാഭത്തിലുണ്ടാക്കിയിരിക്കുന്ന വര്‍ധനവ് കേന്ദ്രസര്‍ക്കാരിനേയും ആശ്വസിപ്പിക്കുന്നുണ്ട്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.