അനധികൃത സ്വത്തുസമ്പാദന കേസിൽ സുപ്രീം കോടതി ശിക്ഷിച്ച അണ്ണാ ഡി എം കെ ജനറൽ സെക്രട്ടറി വി കെ ശശികല പോയസ് ഗാർഡനിൽ തിരിച്ചെത്തി. എംഎല്‍എമാരെ മാറ്റി പാർപ്പിച്ചിരുന്ന കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ട് വിട്ട് ഇന്നലെ രാത്രിയോടെയാണ് ചിന്നമ്മ ഔദ്യോഗിക വസതിയായ പോയസ് ഗാർഡനിലെത്തിയത്.
ബംഗളൂരു പൊലീസിൽ കീഴടങ്ങാൻ കോടതി നിർധേശിച്ചിരുന്നു, ഈ സാഹചര്യത്തിൽ പോയസ് ഗാർഡനിൽ നിന്നും ബെംഗളൂരുവിലെത്തി ബുധനാഴ്ച രാവിലെയോടെ ഇവർ വിചാരണക്കോടതിയിൽ കീഴടങ്ങുമെന്നാണ് സൂചന. റിസോർട്ടിൽ താമസിക്കുന്ന എംഎല്‍എമാർ ചേർന്ന് ശശികലയെ പോയസ് ഗാർഡനിലേക്ക് യാത്രയയക്കുകയായിരുന്നു.
അതിനിടെ, അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ജലസേചന മന്ത്രി എടപ്പാടി പളനിസാമി രാജ്ഭവനിലെത്തി ഗവർണരെ കണ്ടു. ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണ അവകാശപ്പെട്ട അദ്ദേഹം, സർക്കാർ രൂപീകരണത്തിനും അവകാശവാദം ഉന്നയിച്ചു. ഏകകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പെന്ന് പളനിസാമി പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.
നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സർക്കാരുണ്ടാക്കാൻ അവകാശം ഉന്നയിച്ച് പളനിസാമി ഗവർണർ സി.വിദ്യാസാഗർ റാവുവിന് കത്തയച്ചിരുന്നു. ഗവർണർ ക്ഷണിച്ചാലുടൻ എംഎൽഎമാരുടെ പിന്തുണ തെളിയിക്കുന്ന കത്തുകൾ ഹാജരാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കായി പളനിസാമിക്കും സംഘത്തിനും രാജ്ഭവനിൽനിന്ന് ക്ഷണമെത്തിയത്. ചിന്നമ്മ രാഷ്ട്രീയ നീക്കങ്ങളിൽ ഇപ്പോഴും സജീവമായി ഇടപെടുന്നുണ്ട്.