ആഫ്രിക്കയ്ക്ക് ഇന്ത്യ പത്തു ബില്യണ്‍ ഡോളര്‍ വായ്പ നല്‍കും

Webdunia
വെള്ളി, 30 ഒക്‌ടോബര്‍ 2015 (13:55 IST)
ആഫ്രിക്കയ്ക്ക് പത്തു ബില്യണ്‍ ഡോളറിന്റെ വായ്പാസഹായം ഇന്ത്യ വാഗ്ദാനംചെയ്തു. അടുത്ത അഞ്ചു കൊല്ലത്തിനുള്ളില്‍ ഇതു നല്‍കുമെന്ന് രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. നിലവില്‍ നല്‍കുന്ന വായ്പാസഹായത്തിനു പുറമെയാണിത്.

ഇതിനുപുറമെ, 600 മില്യണ്‍ ഡോളറിന്റെ (3910 കോടി) ഗ്രാന്റും നല്‍കുമെന്ന് മോഡി പ്രഖ്യാപിച്ചു. നൂറു മില്യണ്‍ ഡോളറിന്റെ(700 കോടി) ഇന്ത്യആഫ്രിക്ക വികസനഫണ്ടും പത്തു മില്യണ്‍ ഡോളറിന്റെ(70 കോടി) ഇന്ത്യആഫ്രിക്കാ ആരോഗ്യഫണ്ടുമുള്‍പ്പെടെയാണിത്. അടുത്ത അഞ്ചുകൊല്ലത്തിനുള്ളില്‍ 50,000 സ്‌കോളര്‍ഷിപ്പുകളും നല്‍കും.

മൂന്നാമത് ഇന്ത്യ - ആഫ്രിക്കാ ഫോറം ഉച്ചകോടിയില്‍ രാഷ്ട്രത്തലവന്‍മാരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ഭീകരതയെ നേരിടുന്നതിന് യോജിച്ച പോരാട്ടം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 54 ആഫ്രിക്കന്‍രാജ്യങ്ങളുടെ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. 41 രാഷ്ട്രത്തലവന്‍മാര്‍ സമ്മേളനത്തിനെത്തി. മറ്റുള്ളവയില്‍നിന്ന് വിദേശമന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു പ്രതിനിധിസംഘമെത്തിയത്.

ഐക്യരാഷ്ട്രസഭയിലും രക്ഷാസമിതിയിലും ആവശ്യമായ പരിഷ്‌കാരം വരുത്തണമെന്ന് ഉച്ചകോടി അംഗീകരിച്ച ഡല്‍ഹി പ്രഖ്യാപനത്തില്‍ ആവശ്യപ്പെട്ടു. ആഗോളമാറ്റങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ചില്ലെങ്കില്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതി അപ്രസക്തമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.