അസഹിഷ്ണുതയുടെ മഞ്ഞുരുകുന്നു; പ്രധാനമന്ത്രിയുടെ അതിഥികളായി ആമിര്‍ഖാനും കങ്കണ റാവത്തും അത്താഴവിരുന്നില്‍

Webdunia
തിങ്കള്‍, 15 ഫെബ്രുവരി 2016 (14:00 IST)
‘അസഹിഷ്‌ണുത’വാദത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് അവസാനമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ടര്‍ഫ് ക്ലബ്ബില്‍ സംഘടിപ്പിച്ച അത്താഴവിരുന്നിലാണ് ബോളിവുഡ് താരങ്ങളായ ആമിര്‍ഖാനും കങ്കണാ റാവത്തും പങ്കെടുത്തത്. രാഷ്‌ട്രീയനേതാക്കളും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രധിനിധികളുമടക്കം ക്ഷണിക്കപ്പെട്ടവര്‍ മാത്രമായിരുന്നു ചടങ്ങിലെ അതിഥികള്‍.
 
ഞായറാഴ്ച നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മേക്ക് ഇന്ത്യ വീക്’ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് അത്താഴവിരുന്ന് സംഘടിപ്പിച്ചത്. 
 
അസഹിഷ്ണുതയ്ക്കെതിരെ ആ‍മിര്‍ ഖാന്‍ നടത്തിയ അഭിപ്രായപ്രകടനം ബിജെപിയടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ‘അസഹിഷ്ണുത കാരണം ഇന്ത്യ വിട്ടു പോകാം എന്ന് ഭാര്യ കിരണ്‍ റാവു തന്നോട് പറഞ്ഞു’ എന്നായിരുന്നു ആമിര്‍ ഖാന്റെ പ്രസ്താവന.
 
ബി ജെ പി നേതാക്കളടക്കം നിര്‍വധി പേര്‍ ആമിര്‍ ഖാന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തു വന്നിരുന്നു. തുടര്‍ന്ന്, ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’യുടെ അംബാസിഡര്‍ സ്ഥാനത്തു നിന്നും ആമിര്‍ഖാനെ കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിരുന്നു.