വേദന അസഹ്യമാകുമ്പോള്‍ ആന ഡാമിലെ വെള്ളത്തിലിറങ്ങി നില്‍ക്കും, വേദന തിന്ന് അലഞ്ഞുനടന്നത് 20 ദിവസം

സുബിന്‍ ജോഷി
ശനി, 23 ജനുവരി 2021 (16:15 IST)
പൊള്ളലേറ്റ ശരീരവുമായി വേദന തിന്ന് കാട്ടാന അലഞ്ഞുനടന്നത് 20 ദിവസത്തോളം. ചെവി അറ്റുപോയി ചോരവാര്‍ന്ന് ഈച്ചയരിച്ച് നരകിച്ചാണ് ഒടുവില്‍ ആന മരണത്തിന് കീഴടങ്ങിയത്. വനപാലകരുടെ ചികിത്സയ്‌ക്കൊന്നിനും ആനയുടെ വേദന ശമിപ്പിക്കാനോ അതിന്‍റെ ജീവന്‍ രക്ഷിക്കാനോ കഴിഞ്ഞില്ല.
 
ജനവാസകേന്ദ്രത്തിലെ റിസോര്‍ട്ടിന് അരുകില്‍ രാത്രി എത്തിയ ആനയെ തുരത്താന്‍ ടയറിലും തുണിയിലും പെട്രോളൊഴിച്ച് കത്തിച്ച് എറിയുകയായിരുന്നു. ടയറും തുണിയും ആനയുടെ തലയില്‍ വീഴുകയും അത് ചെവിയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്‌തു.
 
പരുക്കേറ്റ് അലഞ്ഞുനടന്ന ആനയെ ചികിത്‌സിക്കാനായി മയക്കുവെടിവച്ച് പിടികൂടിയെങ്കിലും ചികിത്സ ഫലം ചെയ്‌തില്ല. വേദനയില്ലാത്ത ലോകത്തേക്ക് ആന യാത്രയായി.
 
മാഹനഹള്ളിയിലെ റിസോര്‍ട്ട് ഉടമ റെയ്‌മണ്ട് ഡീന്‍, സഹായിയായ പ്രശാന്ത് എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്. മറ്റൊരു പ്രതിയായ റിക്കി റയാനെ കിട്ടിയിട്ടില്ല. പഞ്ചായത്ത് അധികൃതര്‍ റിസോര്‍ട്ട് അടച്ചുപൂട്ടി.
 
ചെവി അറ്റുപോയ നിലയിലായിരുന്നു ആനയെ വനപാലകര്‍ കണ്ടെത്തിയത്. വേദന അസഹ്യമാകുമ്പോള്‍ മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ഇറങ്ങിനില്‍ക്കുന്ന ആനയെക്കുറിച്ചും അതനുഭവിച്ച വേദനയെക്കുറിച്ചും പറയുമ്പോള്‍ നാട്ടുകാര്‍ക്ക് ദുഃഖം അടക്കാനാവുന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article