18 വയസ്സിന് താഴെയുള്ളവരുമായുള്ള സെക്സ് കുറ്റകരം

Webdunia
വെള്ളി, 27 ഏപ്രില്‍ 2012 (09:11 IST)
PRO
PRO
പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായി ലൈംഗികബന്ധം പുലര്‍ത്തിയാല്‍ ഇനി അഴി എണ്ണേണ്ടിവരും. 18-ല്‍ താഴെ പ്രായമുള്ളവരുമായുള്ള ലൈംഗികബന്ധം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി. കുറ്റക്കാര്‍ക്ക് മൂന്ന് മുതല്‍ ഏഴു കൊല്ലം വരെ തടവാണ് ശുപാര്‍ശ ചെയ്തത്.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. നിലവില്‍ 16 വയസ് കഴിഞ്ഞ പെണ്‍കുട്ടികളുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലായിരുന്നു. എന്നാല്‍ ഭേദഗതി പ്രകാരം 18 വയസ്സിന് താഴെയുള്ളവരെ കുട്ടികളായാണ് കണക്കാക്കുന്നത്. ഇവരുടെ സമ്മതത്തോടെയും അല്ലാതെയും നടത്തുന്ന ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കും.

18- ല്‍ താഴെയുള്ളവരെ ലൈംഗിക ബന്ധത്തിനായി എത്തിച്ചുകൊടുക്കുക, അവരുടെ അശ്ലീല ചിത്രമെടുക്കുക തുടങ്ങിയ പ്രവര്‍ത്തികളും കുറ്റകൃത്യങ്ങളില്‍പ്പെടും.