രാജ്യത്തെ ജനങ്ങള്‍ തനിക്ക് നല്‍കിയ സ്നേഹത്തിന് വികസനത്തിലൂടെ മറുപടി നല്‍കുമെന്ന് നരേന്ദ്രമോഡി. നല്ല ദിനങ്ങള്‍ വരാന്‍ പോകുന്നു എന്നും അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള യാത്ര ഇന്നാരംഭിക്കുകയാണെന്നും മോഡി വഡോദരയില്‍ പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ശുദ്ധമായ കോണ്‍ഗ്രസ് ഇതര സര്‍ക്കാരാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ വിജയം മറ്റാര്‍ക്കും അവകാശപ്പെടാനാകില്ല. ഈ നിലയില്‍ എത്തിയതിന് കാരണം കഠിനാദ്ധ്വാനമാണ്. ഒരു പ്രത്യേക വിഭാഗത്തിന്‍റെ മാത്രം സര്‍ക്കാരായി ഇരിക്കുകയില്ല. രാഷ്ട്രീയത്തില്‍ ശത്രുക്കളില്ല - മോഡി നയം വ്യക്തമാക്കി.
നാമനിര്‍ദ്ദേശപത്രിക നല്‍കിയതിന് ശേഷം 50 മിനിറ്റ് മാത്രമാണ് ഞാന്‍ വഡോദരയില്‍ ചെലവഴിച്ചിട്ടുള്ളത്. അതിന് വഡോദര എനിക്ക് നല്‍കിയത് 5.7 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ്. പൊതുതെരഞ്ഞെടുപ്പില്‍ ഇത്രയും ഭൂരിപക്ഷം റെക്കോര്‍ഡാണ്. ബി ജെ പിക്ക് 26 സീറ്റുകളും നല്‍കി ഗുജറാത്തും ചരിത്രം രചിച്ചു - നരേന്ദ്രമോഡി പറഞ്ഞു.