ഡിഎസ്‌പി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഉത്തര്‍പ്രദേശ് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി രാജഭയ്യ എന്ന രഘുരാജ് പ്രതാവ് സിംഗ് രാജിവച്ചു. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ സിയാ ഉള്‍ ഹക്കിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രി അഖിലേഷ് യാദവിനു കൈമാറി.
പ്രതാപ് ഗഡില്‍ ഗ്രാമമുഖ്യനെയും സഹോദരനെയും കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളാണ് ഡിഎസ്‌പിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഗ്രാമീണരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഹക്കിനു വെടിയേറ്റു. തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. രാജഭയ്യയുടെ ഡ്രൈവറും ഗ്രാമമുഖ്യനും തമ്മില്‍ ഭൂമിയുടെ പേരില്‍ ഉടലെടുത്ത തര്‍ക്കമാണ് സംഭവങ്ങളിലേക്ക് നയിച്ചത് എന്നാണ് സൂചനകള്‍. രാജയ്ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കൊലപാതകത്തിനുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം നീതി ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വസതിയ്ക്ക് മുന്നില്‍ ചെന്ന് ആത്മഹത്യ ചെയ്യുമെന്ന് കൊല്ലപ്പെട്ട ഡിഎസ്‌പിയുടെ ഭാര്യ പറഞ്ഞു. അദ്ദേഹം കടുത്ത സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടിവന്നിരുന്നു എന്നും നിരന്തരം ഭീഷണികള്‍ ഉണ്ടായിരുന്നു എന്നും ഭാര്യ പറഞ്ഞു.