‘നിരുപമയെ കുളിമുറിയില്‍ അടച്ചിട്ടിരുന്നു’

Webdunia
തിങ്കള്‍, 10 മെയ് 2010 (10:43 IST)
PRO
ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തക നിരുപമ പഥക്ക് (23) അഭിമാനക്കൊലപാതകത്തിന് ഇരയാവുകയായിരുന്നു എന്ന സംശയം ശക്തമാവുന്നു. കാമുകനും സുഹൃത്തുമായ പ്രിയഭാന്‍‌ഷു രഞ്ജന് അവര്‍ മരിച്ച ദിവസം അയച്ച എസ്‌എം‌എസില്‍ കുടുംബാഗങ്ങള്‍ തന്നെ കുളിമുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണ് എന്ന് പറഞ്ഞിരുന്നതായി പ്രിയഭാന്‍ഷുവിന്റെ പിതാവ് വെളിപ്പെടുത്തിയതാണ് അഭിമാനക്കൊലപാതകമായിരിക്കും നടന്നെതെന്ന സംശയം ഉയര്‍ത്തുന്നത്.

നിരുപമയെ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് വീടിനുള്ളിലെ കുളിമുറിയില്‍ അടച്ചിട്ടിരിക്കുകയായിരുന്നു എന്ന എസ്‌എം‌എസ് ലഭിച്ചതായി പ്രിയഭാന്‍ഷു തന്നോട് പറഞ്ഞിരുന്നു എന്നാണ് പിതാവ് രമാശങ്കര്‍ കാന്ത് വെളിപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നിരുപമയുടെ മാതാവ് സുധ പഥക്കിന് മകളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച മൂന്ന് ദിവസത്തെ പരോള്‍ ലഭിച്ചിട്ടുണ്ട്.

ഏപ്രില്‍ 29നാണ് നിരുപമയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ സുഹൃത്ത് പ്രിയഭാന്‍‌ഷുവും ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനാണ്. ഏപ്രില്‍ 19 മുതല്‍ 28 വരെ പ്രിയഭാന്‍ഷുവിന്‍റെ ഫോണിലേക്ക് നിരുപമ 33 സന്ദേശങ്ങള്‍ അയച്ചതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ തന്‍റെ ഫോണില്‍ ഉണ്ടായിരുന്ന നിരുപമയുടെ സന്ദേശങ്ങളെല്ലാം പ്രിയഭാന്‍ഷു ഡിലീറ്റ് ചെയ്തിട്ടുണ്ട്. തനിക്ക് നിരുപമയില്‍ നിന്ന് ഒരു സന്ദേശം മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന പ്രിയഭാന്‍ഷുവിന്റെ വാദം അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലാക്കുകയും തുടര്‍ന്ന് അറസ്റ്റിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

മരിക്കുമ്പോള്‍ നിരുപമ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. നിരുപമയെ പ്രിയഭാന്‍ഷു ചതിക്കാനുള്ള ശ്രമം നടത്തി എന്ന സംശയത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും വഞ്ചനയ്ക്കും ആത്മഹത്യാപ്രേരണയ്ക്കും പൊലീസ് കേസ് എടുത്തിട്ടുണ്ട്.