‘ഗോവിന്ദച്ചാമി’ പഞ്ചാബിലെ ജയിലിലും!

Webdunia
ചൊവ്വ, 20 മാര്‍ച്ച് 2012 (17:08 IST)
PRO
PRO
സൌമ്യ വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ നടത്തിയ പരാക്രമങ്ങള്‍ ചില്ലറയല്ല. ആത്മഹത്യാശ്രമം, ബിരിയാണിക്ക് വേണ്ടി നിരാഹാരം, ജയില്‍ അധികൃതര്‍ക്ക് നേരെ വധഭീഷണി മുഴക്കല്‍, സെല്ലിലെ ക്യാമറ തല്ലിപ്പൊട്ടിച്ചത് എന്നിങ്ങനെ എന്തൊക്കെ ബഹളങ്ങള്‍. ഒടുവില്‍ ഗോവിന്ദച്ചാമിയെ പൂജപ്പുര ജയിലിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയും ചെയ്തു.

ഗോവിന്ദച്ചാമിയെപ്പോലെ ജയില്‍ അധികൃതരെ വെള്ളം കുടിപ്പിക്കുന്ന തടവുകാര്‍ വേറെയുമുണ്ട്. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജയിലിലെ ഒരു തടവുകാരന്‍ ബോളിവുഡ് സിനിമയിലെ രംഗങ്ങളാണ് ജയിലില്‍ സൃഷ്ടിച്ചത്.

വിചാരണ തടവുകാരനായ ലക്വീന്ദര്‍ പാല്‍ സിംഗ്(25) ആണ് ശനിയാഴ്ച രാത്രി ജയിലില്‍ ഭീതി സൃഷ്ടിച്ചത്. പുകവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇയാള്‍ പ്രശ്നം തുടങ്ങിയത്. അത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അതോടെ ഇയാള്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി. ‘ഷോലെ‘ എന്ന ബോളിവുഡ് ചിത്രത്തിലെ സീനുകള്‍ക്ക് സമാനമായ രംഗങ്ങളാണ് അവിടെ നടന്നത്.

തനിക്ക് സിഗരറ്റ് കിട്ടണമെന്നും മറ്റൊന്നും വേണ്ടെന്നുമായി ഇയാള്‍. ഒടുവില്‍ ബി എസ് എഫിലും സി ഐ എസ് എഫിലും സേവനം അനുഷ്ഠിച്ച മൂന്ന് വിചാരണ തടവുകാരുടെ സഹായത്തോടെ സിഗരറ്റ് കാട്ടി മയക്കിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. വീണ് ഇയാള്‍ക്ക് പരുക്കേല്‍ക്കാതിരിക്കാന്‍ കീഴെ നെറ്റ് കെട്ടുകയും ചെയ്തിരുന്നു. രണ്ട മണിക്കൂര്‍ നേരത്തെ ആശങ്കകള്‍ക്ക് ശേഷമായിരുന്നു രംഗങ്ങള്‍ ശാന്തമായത്.

English Summary: Gurdaspur (Punjab), March 19 (IANS) Gurdaspur Central Jail in Punjab witnessed the re-enactment of a Bollywood-style scene when a young under-trial climbed atop a water tank in the jail premises and the authorities had to take the help of other under-trials to get him down.