‘ആരാധകര്‍ക്ക് നന്ദി’ - സ്റ്റൈല്‍ മന്നന്‍ വന്നു!

Webdunia
വ്യാഴം, 14 ജൂലൈ 2011 (08:52 IST)
PRO
ആരാധകരുടെ മനസ്സില്‍ ആവേശക്കുളിരായി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് സിംഗപ്പൂരില്‍ നിന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തി. ബുധനാഴ്ച രാത്രി 10:20 ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വന്നിറങ്ങിയ രജനിയെ കാത്ത് ആയിരങ്ങളാണ് വിമാനത്താവളത്തിലും നിരത്തിലുമായി കാത്ത് നിന്നത്.

ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ രജനിയെ വെള്ളി വാള്‍ നല്‍കിയാണ് ഫാന്‍സ് അസോസിയേഷന്‍ സ്വീകരിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ആരാധകരോട് ഒരു ജന്‍‌മം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു എന്ന് രജനി പറഞ്ഞു.

ഭാര്യ ലത, മക്കള്‍ ഐശ്വര്യ, സംഗീത എന്നിവര്‍ക്കൊപ്പമാണ് രജനി സിംഗപ്പൂരില്‍ നിന്ന് മടങ്ങിയത്. രജനി വരുന്നതിനാല്‍ വിമാനത്താവളത്തില്‍ പ്രത്യേക സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നു. വെള്ള ഷര്‍ട്ടും കറുത്ത പാന്റും അണിഞ്ഞ് ചുറുചുറുക്കോടെ വിമാനമിറങ്ങിയ രജനി ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തു.

പിന്നീട്, പ്രത്യേക ബസില്‍ ആറാം നമ്പര്‍ കാര്‍ഗോ ഗേറ്റില്‍ എത്തിയ രജനിയെ കാത്ത് നിന്നത് ആരാധകരുടെ ഭ്രാന്തമായ ആവേശമായിരുന്നു. തങ്ങളുടെ താരരാജാവിനെ ഒരു നോക്ക് കാണാന്‍ വാഹനത്തിന് അടുത്ത് എത്തിയ ജനക്കൂട്ടത്തെ തടയാന്‍ പൊലീസിന് പാടുപെടേണ്ടി വന്നു. ഒരു ഇന്നോവ കാറിലാണ് രജനി വിമാനത്താവളത്തിനു പുറത്തേക്ക് വന്നത്.

ആരാധകര്‍ തിക്കിത്തിരക്കിയതോടെ കാര്‍ ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങില്ല എന്ന ഘട്ടത്തിലെത്തി. ഒടുവില്‍ പൊലീസ് ലാത്തിവീശി ആരാധകരെ മാറ്റിനിര്‍ത്തിയാണ് രജനിയുടെ വാഹനത്തിന് വഴിയൊരുക്കിയത്.

രജനി കേളമ്പാക്കത്തെ ഫാം ഹൌസിലേക്കാണ് പോയത്. താരത്തിന് ഒരു മാസത്തെ വിശ്രമം കൂടി വേണമെന്നാണ് സൂചന.