‘അമൂല്‍ ബേബികള്‍’ അമൂല്‍ പരസ്യത്തില്‍!

Webdunia
വെള്ളി, 15 ഏപ്രില്‍ 2011 (11:35 IST)
PRO
PRO
കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ‘അമൂല്‍ ബേബി’ പരാമര്‍ശം അമൂല്‍ ബ്രാന്‍ഡ് നിര്‍മ്മാതാക്കളായ ഗുജറാത്ത് കോ‌-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഗൌരവമായി എടുത്തു! രാഹുലിനെയും വി എസ് അച്യുതാനന്ദനെയും യഥാര്‍ത്ഥ അമൂല്‍ ബേബിയെയും താരങ്ങളാക്കി അമൂല്‍ പുതിയൊരു പരസ്യം ഇറക്കി.

വി എസ് ഒരു ടോയി കാര്‍ ഓടിക്കുന്ന രീതിയിലാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാഹുലിനെയും യഥാര്‍ത്ഥ അമൂല്‍ ബേബിയെയും പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ‘ഇരുവരും അമൂല്‍ ബേബികളാണ്’ എന്നും ‘അമൂല്‍ യുവാക്കള്‍ക്കും പ്രായമുള്ളവര്‍ക്കും’ എന്നുമാണ് പരസ്യ വാചകങ്ങള്‍.

ഇടതുപക്ഷത്തെ അധികാരത്തിലേറ്റുകയാണെങ്കില്‍ 93 വയസ്സായ മുഖ്യമന്ത്രിയാവും ലഭിക്കുക എന്ന് അച്യുതാനന്ദനെ ലക്‍ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ രാഹുല്‍ നടത്തിയ പ്രസ്താവനയാണ് ‘അമൂല്‍’ പരാമര്‍ശത്തിന് വഴിവച്ചത്. തൊട്ടടുത്ത, ദിവസം രാഹുലും സോണിയയും അമൂല്‍ ബേബികളാണെന്ന് അച്യുതാനന്ദന്‍ മറുപടി നകുകയായിരുന്നു.

സമകാലീന സംഭവങ്ങളെ അടിസ്ഥാനമാക്കി പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ അമൂല്‍ എന്നും മുന്‍‌പന്തിയിലാണ്. രാഹുല്‍ ഗാന്ധി മുമ്പ് രണ്ട് തവണ പരസ്യത്തിന്റെ പ്രമേയമായിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍, ബോളിവുഡ് താരങ്ങള്‍ എന്നിവരെ കഥാപാത്രങ്ങളാക്കിയാണ് മിക്കപ്പോഴും അമൂല്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക.