രഹസ്യാന്വേഷണ വിഭാഗങ്ങള്‍ കൈമാറിയ വിവരങ്ങള്‍ സര്‍ക്കാര്‍ ഗൌരവമായി കാണാഞ്ഞതാണോ ഹൈദരാബാദ് ഇരട്ട സ്ഫോടനം നടക്കാന്‍ കാരണം? നിര്‍ണ്ണായക വിവരം ലഭിച്ചിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വേണ്ട നടപടികള്‍ സ്വീകരിക്കാത്തതാണ് സ്ഫോടനത്തിന് കാരണം എന്നരീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്. രാജ്യത്ത് സ്ഫോടനം നടക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ തന്നെ സമ്മതിച്ചിട്ടുണ്ട്.
ഹൈദരാബാദില്‍ സ്ഫോടനം ഉണ്ടാകുമെന്ന് പിടിയിലായ ഒരു ഭീകരന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ എന്ന് കരുതപ്പെടുന്ന മക്ബൂല്‍ ആണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. ദില്‍സുക് നഗര്‍, ബേഗം ബസാര്‍ തുടങ്ങിയ പ്രദേശങ്ങളെക്കുറിച്ച് ഇയാള്‍ പരാമര്‍ശിച്ചിരുന്നു. ഇയാളും കൂട്ടാളികളും 2012-ല്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. നാല് മാസങ്ങള്‍ക്ക് മുമ്പാണ് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ഇയാളെ പിടികൂടിയത്.
ഹൈദരാബാദ് നഗരത്തിലെ വാണിജ്യ മേഖലയായ ദില്‍സുക് നഗറിലാണ് വ്യാഴാഴ്ച വൈകിട്ട് സ്ഫോടനപരമ്പര ഉണ്ടായത്. 14 പേരാണ് മരിച്ചത്. 119 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കും എന്നാണ് സൂചന. ദില്‍സുക് നഗര്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ കൊണാര്‍ക് തിയറ്റര്‍, വെങ്കിട്ടാദ്രി തിയറ്റര്‍ എന്നിവിടങ്ങളിലാണു സ്ഫോടനമുണ്ടായത്. വൈകിട്ട് 7.01നായിരുന്നു ആദ്യ സ്ഫോടനം, അഞ്ചു മിനിറ്റിനു ശേഷം രണ്ടാമത്തെ സ്ഫോടനവും നടന്നു. സൈക്കിളുകളില്‍ ടിഫിന്‍ ബോക്സുകളിലാണ് ബോംബുകള്‍ സ്ഥാപിച്ചിരുന്നത്.