ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്തിനിടയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച ജവാന്മാര്ക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഹെലികോപ്റ്റര്‍ തകര്‍ന്ന് ഇരുപത് സൈനികരായിരുന്നു മരിച്ചത്. മരിച്ചവരില്‍ മലയാളിയായ ജവാന്‍ പി ജി ജോമോന്‍ ഉള്‍പ്പെട്ടിരുന്നു.
മരിച്ച സൈനികരുടെ മൃതദേഹം ഡെറാഡൂണിലെത്തിച്ചാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. കരസേന മൃതദേഹങ്ങളില്‍ ത്രിവര്‍ണ പതാക പുതപ്പിച്ച് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആഭ്യന്തര മന്തി സുശീല്‍ കുമാര്‍ ഷിന്‍ഡെയും കരസേനാ മേധാവി ജനറല്‍ ബിക്രം സിംഗും ഡെറാഡൂണിലെത്തിയിരുന്നു.
പ്രളയ മേഖലയില്‍ നിന്ന് അവസാനത്തെയാളെയും രക്ഷപ്പെടുത്തുന്നതുവരെ സൈന്യമുണ്ടാകുമെന്ന് ജനറല്‍ ബിക്രം സിംഗ് വ്യക്തമാക്കി. മോശം കാലാവസ്ഥ, ഇന്നത്തെ രക്ഷാപ്രവര്‍ത്തനത്തെയും ബാധിച്ചു. പ്രളയ മേഖലയില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ രണ്ട് മലയാളികളെ കൂടി കേരള ഹൗസില്‍ എത്തിച്ചു.
ഹര്‍സി മേഖലയില്‍ 500 പേരും ബദരീനാഥില്‍ 2000 പേരും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.