ഹരിയാനയില്‍ യുവാവിനെ അടിച്ചുകൊന്നു

Webdunia
വ്യാഴം, 23 ജൂലൈ 2009 (11:57 IST)
ഹരിയാനയിലെ സിംഗ്വാള്‍ ഗ്രാമത്തില്‍ പൊലീസുകാരുടെ സഹായത്തോടെ ഭാര്യയെ കൂട്ടിക്കൊണ്ടു പോവാന്‍ വന്ന യുവാവിനെ ഗ്രാമീണര്‍ അടിച്ചുകൊന്നു. വേദപാല്‍ എന്ന യുവാവിനാണ് ഈ ദുര്‍ഗതി വന്നത്.

ഹൈക്കോടതി ഉത്തരവ് പ്രകാരം ഭാര്യയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവാന്‍ എത്തിയതായിരുന്നു വേദപാല്‍. സ്റ്റേഷന്‍ അധികാരിയും പതിനഞ്ചോളം പൊലീസുകാരും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍, ഗ്രാമീണര്‍ പൊലീസിനെ ആക്രമിച്ച ശേഷം യുവാവിനെ അടിച്ചു കൊന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിംഗ്വാള്‍ ഗ്രാമത്തിലെ യുവതിയുമായി പ്രണയത്തിലായിരുന്നു കൊല്ലപ്പെട്ട വേദപാല്‍. ഇവര്‍ ഒരേ ഗോത്രത്തിലുള്ളതായതിനാല്‍ യുവതിയുടെ രക്ഷകര്‍ത്താക്കള്‍ ഇവരുടെ വിവാഹം നടത്തിക്കൊടുക്കാന്‍ നിശ്ചയിച്ചു. മാര്‍ച്ച് 17 ന് വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍, മാര്‍ച്ച് 10 ന് ഇരുവരും സ്വന്തം നിലയില്‍ വിവാഹം നടത്തിയത് മാതാപിതാക്കളെയും ഗ്രാമീണരെയും പ്രകോപിപ്പിച്ചു.

ഇതെ തുടര്‍ന്ന്, ഗ്രാ‍മ പഞ്ചായത്ത് കൂടുകയും യുവാവിനെ വധിക്കണമെന്ന് തീരുമാനിക്കുകയുമായിരുന്നു എന്നാണ് സൂചന. ഇതിനെ തുടര്‍ന്ന് വേദപാല്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് ഭാര്യയെ കൂട്ടിക്കൊണ്ടു പോവാന്‍ എത്തിയപ്പോഴാണ് ഗ്രാമീണര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്.