സ്വത്ത് തര്‍ക്കം: മകന്‍ പിതാവിനെ ചുട്ടുകൊന്ന് കിണറ്റിലെറിഞ്ഞു

Webdunia
ചൊവ്വ, 29 ഏപ്രില്‍ 2014 (16:34 IST)
സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകന്‍ പിതാവിനെ ചുട്ടുകൊന്ന് കിണറ്റിലെറിഞ്ഞു. അനുപ്പൂര്‍ ജില്ലയിലെ നകദഹയില്‍ തിങ്കളാഴ്ചയാണ് സംഭവം. ഇന്നു രാവിലെയാണ് മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്. 
 
പൊഖല്‍ കോല്‍ (55) ആണ് കൊല്ലപ്പെട്ടത്. രണ്ടു വിവാഹം കഴിച്ച ഇയാളുടെ ആദ്യഭാര്യയിലുള്ള മകനായ നഥു കോല്‍ (35) ആണ് കൊലപാതകം നടത്തിയത്. പിതാവിന്റെ പേരിലുള്ള സ്വത്ത് തന്റെ പേരിലേക്ക് എഴുതി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതാണ് കൊലയ്ക്ക് കാരണം.
 
വഴക്കിനൊടുവില്‍ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ നഥു പാതി കത്തിയ മൃതദേഹം കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് വിറകും മറ്റും ഉപയോഗിച്ച് കിണര്‍ മൂടി. സംഭവമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും മൊഴി നല്‍കാന്‍ അയല്‍ക്കാര്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പൊലീസ് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതി ഒളിവിലാണ്.