മുന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ സ്ഥാനമൊഴിയുന്നതിനു തൊട്ടുമുന്‍പ് ദക്ഷിണാഫ്രിക്കയിലേക്കും സീഷെല്‍സിലേക്കും നടത്തിയ യാത്രയ്ക്ക് ചെലവായത് 18.02 കോടി രൂപയാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍.
എയര്‍ ഇന്ത്യയുടെ ബോയിങ് 747 ജംബോ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിനു മാത്രം ചെലവാക്കിയത് 16.38 കോടി രൂപ.ഏ പ്രില്‍ 29 മുതല്‍ മേയ് എട്ടു വരെയായിരുന്നു യാത്രകള്‍. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടറോയയില്‍ 1.46 കോടി ചെലവഴിച്ചു. ഇതില്‍ 71.82 ലക്ഷം താമസസൗകര്യങ്ങള്‍ക്കായാണ്. 52.33 ലക്ഷം ഗതാഗത സൗകര്യത്തിനും മറ്റാവശ്യങ്ങള്‍ക്കായി 22.12 ലക്ഷവും ചെലവഴിച്ചു. ഡര്‍ബനില്‍ 23.55 ലക്ഷത്തിന്റെ ചെലവുണ്ടായി.
ഹോട്ടല്‍ ചെലവായി 18 ലക്ഷവും 5.27 ലക്ഷം യാത്രച്ചെലവിനത്തിലും ഉള്‍പ്പെടുന്നു.രാഷ്ട്രപതിയായിരുന്ന കാലയളവില്‍ പ്രതിഭ പാട്ടീല്‍ നാലു ഭൂഖണ്ഡങ്ങളിലായി 22 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ നടത്തിയ 12 യാത്രകള്‍ക്ക് 205 കോടി രൂപ ചെലവിട്ടതായി പുറത്ത് വന്ന രേഖകള്‍ വിവാദമായിരുന്നു.
ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള സന്ദര്‍ശനങ്ങളായാണ് രാഷ്ട്രപതി ഭവന്റെ വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും വിദേശ മന്ത്രാലയത്തിന്റെയും അറിവോടെയായിരുന്നു യാത്രകളെന്നും രാഷ്ട്രപതിഭവന്‍ വ്യക്തമാക്കിയിരുന്നു.