സോണിയ വ്യോമസേനാ വിമാനത്തില്‍ പറന്നത് 49 തവണ!

Webdunia
വെള്ളി, 4 ജനുവരി 2013 (22:24 IST)
PRO
PRO
യുപിഎ അധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളിലും ഹെലികോപ്‌ടറുകളിലും 49 തവണ സഞ്ചരിച്ചതായി രേഖകള്‍. ഇതില്‍ 23 യാത്രകളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ഒപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ എട്ടുതവണ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളില്‍ യാത്രചെയ്‌തു.

പ്രോട്ടോകോള്‍പ്രകാരം സോണിയക്കും രാഹുലിനും വ്യോമസേനാവിമാനങ്ങളില്‍ യാത്രചെയ്യാന്‍ അധികാരമില്ല. അതിനാല്‍, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി എന്നിവരില്‍ ആര്‍ക്കെങ്കിലുമൊപ്പമാവും യാത്ര. ക്യാബിനറ്റ്‌ മന്ത്രിമാര്‍ക്കും പ്രധാനമന്ത്രിയുടെ അനുവാദത്തോടെ മാത്രമേ വ്യേമസേനയുടെ വിമാനങ്ങളിലെ യാത്ര സാധ്യമാവൂ.

ഐഎഎഫ്‌ നിയമപ്രകാരം വ്യോമസേനയുടെ വിമാനങ്ങളില്‍ യാത്രചെയ്യാന്‍ അര്‍ഹതയുള്ള വ്യക്‌തികള്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ മറ്റുള്ളവരെ ഒപ്പം കൂട്ടാന്‍പാടുള്ളൂ. അതിനാല്‍ നിയമം ലംഘിച്ചാണ് സോണിയയും രാഹുലും വിമാനങ്ങള്‍ ഉപയോഗിച്ചതെന്നു വ്യക്തമാണ്.