ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രി അമിത് ഷായും നരേന്ദ്രമോഡി സര്‍ക്കാരും കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഗുജറാത്ത് മുന്‍ ഡി എസ് പിയും സൊഹ്‌റാബുദ്ദീന്‍ ഷെയ്ക് വധക്കേസില്‍ കുറ്റം ചുമത്തപ്പെട്ടവരില്‍ ഒരാളുമായ എന്‍ കെ അമിന്‍ കേസില്‍ മാപ്പുസാക്ഷിയാകാനുള്ള നീക്കം തുടങ്ങി.
മാപ്പുസാക്ഷിയാക്കുന്നതിനായുള്ള അപേക്ഷ സി ബി ഐ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അമിന്‍റെ അഭിഭാഷകര്‍ വ്യക്തമാക്കി.
“സൊഹ്‌റാബുദ്ദീന്‍ കേസില്‍ മാപ്പുസാക്ഷിയാക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ സി ബി ഐ കോടതിയില്‍ സമര്‍പ്പിക്കും” - അമിന്‍റെ അഭിഭാഷകനായ ജഗ്‌ദീഷ് രമണി അറിയിച്ചു. ഇന്നുതന്നെ അപേക്ഷ സി ബി ഐയുടെ ഗാന്ധിനഗര്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.
2007 ല്‍ സൊഹ്‌റാബുദ്ദീന്‍ സംഭവം നടക്കുമ്പോള്‍ അന്ന് എ സി പി ആയിരുന്നു അമിന്‍. കേസിലെ ഒരു സാക്ഷിയുടെ മൊഴിപ്രകാരമാണ് അമിന്‍ അറസ്റ്റിലാകുന്നത്.
അമിന്‍ ഇപ്പോള്‍ സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. സുരക്ഷാഭീഷണിയുള്ളതിനാല്‍ അമിനെ ഈ ജയിലില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുമെന്ന് അമിന്‍റെ അഭിഭാഷകര്‍ അറിയിച്ചു.