സൂററ്റില്‍ ബോംബുകള്‍ സ്ഥാപിച്ചതിനെ കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗുജറാത്ത് സര്‍ക്കാരിന് സംഭവത്തില്‍ വ്യക്തതയുണ്ട് എങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നും പാര്‍ട്ടി തിങ്കളാഴ്ച ആവശ്യപ്പെട്ടു.
സൂററ്റില്‍ ബോംബുകള്‍ കണ്ടെത്തിയതിനെ കുറിച്ചുള്ള പുരി ശങ്കരാചാര്യയുടെ പരാമര്‍ശത്തിന് മോഡി സര്‍ക്കാര്‍ മറുപടി പറയണമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. ബോംബുകള്‍ മോഡി സര്‍ക്കാരിന്‍റെ സൃഷ്ടിയാണെന്നായിരുന്നു ശങ്കരാചാര്യര്‍ പറഞ്ഞത്.
ബോംബുകളെ കുറിച്ച് കോണ്‍ഗ്രസല്ല ആരോപണം ഉന്നയിക്കുന്നത്. പുരി ശങ്കരാചര്യരുടെ ആരോപണം ഗൌരവതരമാണ്. ഇതെ കുറിച്ച് പാര്‍ട്ടി നേതാവ് ദിഗ്‌വിജയ് സിംഗ് പരാമര്‍ശിച്ചിരുന്നു, കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
ബിജെപി എപ്പോഴൊക്കെ പ്രശ്നത്തിലാവുന്നോ അപ്പോഴൊക്കെ രാജ്യത്ത് ബോംബ് സ്ഫോടനമുണ്ടാവുമെന്നത് ജനങ്ങള്‍ മനസ്സിലാക്കണം, ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മനീഷ് തിവാരി.