സുരേഷ് കല്‍മാഡിയെ സിബിഐ അറസ്റ്റ് ചെയ്തു

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2011 (12:49 IST)
PRO
കോമണ്‍‌വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെ സിബിഐ അറസ്റ്റ് ചെയ്തു. ഗെയിംസ് അഴിമതി സംബന്ധിച്ച് തിങ്കളാഴ്ച കല്‍മാഡിയെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ക്യൂന്‍സ് ബാറ്റണ്‍ റിലേയുമായി ബന്ധപ്പെട്ട് എ ‌എം കാര്‍സ് ആന്‍ഡ് ഫിലിംസ് എന്ന കമ്പനിയുമായുള്ള കരാറുകളില്‍ അഴിമതി കണ്ടെത്തിയ സിബിഐ സംഘം ലണ്ടനില്‍ എത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് മൂന്നാം തവണയും കല്‍മാഡിയെ ചോദ്യം ചെയ്യുന്നതിനായി സിബിഐ വിളിച്ചു വരുത്തിയത്.

കോമണ്‍‌വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട് മുമ്പ് രണ്ട് തവണ കല്‍മാഡിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. കല്‍മാഡിയുടെ പൂനെയിലെയും മുംബൈയിലെയും വീടുകളില്‍ നടത്തിയ തെരച്ചിലില്‍ അഴിമതിയുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐയ്ക്ക് ലഭിച്ചു എന്ന് സൂചനകളുണ്ടായിരുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട് ഇതിനോടകം അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ മൊഴികളില്‍ നിന്നും കല്‍മാഡിക്കെതിരെ തെളിവ് ലഭിച്ചതായാണ് സൂചന. ബാറ്റണ്‍ റിലേയ്ക്ക് വീഡിയോ സ്ക്രീനുകളും കാറുകളും നല്‍കിയ കമ്പനിയാണ് എ ‌എം കാര്‍സ് ആന്‍ഡ് ഫിലിംസ്.